'ആന മുറ്റത്തുകൂടെയാ പോയെ, കടുവ വന്ന് പട്ടിയെ പിടിച്ചുകൊണ്ടുപോയി', കണ്ണൂരിൽ വൃദ്ധദമ്പതികളുടെ നരക ജീവിതം

Published : Dec 20, 2023, 04:56 PM IST
'ആന മുറ്റത്തുകൂടെയാ പോയെ, കടുവ വന്ന് പട്ടിയെ പിടിച്ചുകൊണ്ടുപോയി', കണ്ണൂരിൽ വൃദ്ധദമ്പതികളുടെ നരക ജീവിതം

Synopsis

വനം വകുപ്പിന്‍റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ മുൻഗണനാ പട്ടികയിൽ നിന്നാണ് എല്ലാ അർഹതയുമുണ്ടായിട്ടും  ഇവർ പുറത്തായത്.

കണ്ണൂർ: കുടിയിറങ്ങാൻ അപേക്ഷ നൽകിയിട്ടും സർക്കാർ കയ്യൊഴിഞ്ഞതോടെ കണ്ണൂർ കൊട്ടിയൂരിലെ വൃദ്ധ ദമ്പതികൾക്ക് നരക ജീവിതം. വനത്തോട് ചേർന്ന ഭൂമിയിൽ, തകർന്നു തുടങ്ങിയ വീട്ടിൽ വന്യമൃഗങ്ങളെപ്പേടിച്ച് കഴിയുകയാണ് എഴുപത്തഞ്ചുകാരൻ മത്തായിയും ഭാര്യയും. വനം വകുപ്പിന്‍റെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ മുൻഗണനാ പട്ടികയിൽ നിന്നാണ് എല്ലാ അർഹതയുമുണ്ടായിട്ടും  ഇവർ പുറത്തായത്.

കൊട്ടിയൂരിൽ നീണ്ടുനോക്കിയിൽ നിന്ന് ചപ്പമല കയറിയാലെത്തും മത്തായിയുടെയും അന്നമ്മയുടെയും കൂരയിലേക്ക്. കാടുമൂടിയ രണ്ടേക്കറിന് നടുവിൽ ചിതലരിച്ച കരിപിടിച്ച രണ്ട് ജീവിതങ്ങൾ. മലമുകളിൽ രണ്ട് വയ്യാത്തവരിങ്ങനെ ഇരുട്ടിലായിപ്പോയതെന്താണ്? പണം തരാം മലയിറക്കിത്തരാമെന്ന വാഗ്ദാനം കൊടുത്താണ് സർക്കാരവരെ ഇരുട്ടത്ത് നിർത്തിയിരിക്കുന്നത്. മത്തായി അപേക്ഷ വച്ചത് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ. വന്യജീവി സംഘർഷവും പ്രകൃതി ദുരന്ത സാധ്യതയുമുളള മനുഷ്യവാസ മേഖലകൾ ഏറ്റെടുക്കാനുളള വനം വകുപ്പിന്‍റെ പദ്ധതിയാണിത്. രണ്ട് ഹെക്ടർ വരെയുളള ഒരു കുടുംബത്തിന് 15 ലക്ഷം നൽകും. വനത്തോട് ചേർന്ന വാസയോഗ്യമായ കെട്ടിടങ്ങളുളള ഭൂമിക്ക് മുൻഗണന കിട്ടും. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് പരിഗണന കിട്ടും.

മാനദണ്ഡങ്ങളെല്ലാമൊത്തിട്ടും മത്തായി അവഗണനയുടെ ലിസ്റ്റിലായിപ്പോയി.  കണ്ണൂർ വനം ഡിവിഷന് കീഴിൽ ചപ്പമലയിൽ 78 പേരുടെ ആദ്യ പട്ടികയുണ്ടാക്കി, 37 പേരുടെ സ്ഥലമേറ്റെടുത്തു. ഈ മനുഷ്യരെ വെട്ടി. എന്തുകൊണ്ട് ഒഴിവാക്കി എന്നതിന്, രണ്ടാം ഘട്ടത്തിൽ ചേർക്കുമെന്നാണ്  സർക്കാരിന്‍റെ മറുപടി. ആദ്യ ഘട്ടം തീരാതെ അടുത്ത പട്ടികയില്ലെന്നും. കാത്തിരിപ്പ് നീളുമ്പോൾ മലകയറിയ കരുത്ത് ചോരും. ഇടറുമ്പോഴും ചോദ്യമെറിയും.

''മര്യാദയുളള ഏർപ്പാടാണോ ഇത്? പാവങ്ങളുടെ എന്ത് കണക്കാണ് ഇവർ എടുക്കുന്നത്? എന്ത് പറഞ്ഞാലും  ഫണ്ടില്ലെന്നാണ്. കഞ്ഞികുടിക്കാൻ വകയില്ലാത്തവനാണോ ഫണ്ട് കൊണ്ടുവരേണ്ടത്? റോഡിലൂടെ പ്രസംഗിച്ചിട്ട് എന്താണ് കാര്യം?''

'വഴിയിലൂടെ പ്രസംഗിച്ചു നടന്നിട്ട് കാര്യമുണ്ടോ?പാവങ്ങളെ കാണണ്ടേ?'

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്