Latest Videos

വിഴിഞ്ഞത്തിന് 'പ്രതീക്ഷ'യായി; മറൈൻ ആംബുലൻസിനെ വരവേറ്റ് തീരവാസികള്‍

By Web TeamFirst Published Aug 31, 2020, 9:34 AM IST
Highlights

അലറിയടിക്കുന്ന തിരമാലകളെ വകവെക്കാതെ അന്നം തേടിപായുന്നതിനിടെ ജീവനുകൾക്ക് കാവലാളാകാൻ സർവ്വ സന്നാഹങ്ങളുമായാണ് മറൈൻ ആംബുലൻസിൻറെ വരവ്

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവിൽ തീരമണിഞ്ഞ മറൈൻ ആംബുലൻസിനെ വരവേറ്റ് കടലിൻറെ മക്കൾ. വിഴിഞ്ഞം തീരത്തെ രക്ഷാപ്രവർത്തനങ്ങൾക്കായി കൊച്ചിയിൽ നിർമ്മിച്ച 'പ്രതീക്ഷ' എന്ന കടൽ ആംബുലൻസിനാണ് ഇന്നലെ വിഴിഞ്ഞം നിവാസികൾ വരവേല്‍പ് നൽകിയത്. 

അലറിയടിക്കുന്ന തിരമാലകളെ വകവെക്കാതെ അന്നം തേടിപായുന്നതിനിടെ ജീവനുകൾക്ക് കാവലാളാകാൻ സർവ്വ സന്നാഹങ്ങളുമായാണ് മറൈൻ ആംബുലൻസിൻറെ വരവ്. ഇതോടെ ഏത് ആപത്ഘട്ടങ്ങളിലും വിളിപ്പാടകലെ ഒരു രക്ഷകൻ ഉണ്ടെന്നത് നൽകുന്ന ആത്മവിശ്വാസവുമായിട്ടാവും മത്സ്യതൊഴിലാളികൾ ഇനി കടലിലിറങ്ങുക. ഓഖി ദുരന്തത്തിൽപ്പെട്ട് നിരവധി പേരെ നഷ്ടപ്പെട്ട വിഴിഞ്ഞത്തിന് ഒരു മറൈൻ ആംബുലൻസ് നൽകുമെന്ന അധികൃതരുടെ ഉറപ്പാണ് ഇതോടെ യാഥാർത്ഥ്യമായത്. 

എൻജിൻ ഡ്രൈവർ (മാസ്റ്റർ) ബോട്ട് എൻജിനീയർ, ലൈഫ് ഗാർഡുമാർ, രണ്ട് പാരാമെഡിക്കൽ സ്റ്റാഫ് എന്നിങ്ങനെ അഞ്ച് സ്ഥിരം ജീവനക്കാർ അടക്കം ഒമ്പത് പേരാണ് കടൽ ആംബുലൻസിൽ ജീവനക്കാരായുള്ളത്. അപകടവേളകളിൽ ഒരേ സമയം ആറ് പേരെ രക്ഷിച്ച് കരയിൽ എത്തിക്കാനാകുന്ന ബോട്ടിൽ ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള അത്യാഹിതവേളകളിൽ ആവശ്യമായ മെഡിക്കൽ സൗകര്യങ്ങളും ഒരു മോർച്ചറിയും സജ്ജമാണ്. 23 മീറ്റർ നീളവും 5.6 മീറ്റർ വീതിയുമുള്ള മറൈൻ ആംബുലൻസ് 700 ഹോഴ്സ്പവർ ശക്തിയുള്ള രണ്ട് എൻജിൻറെ പിൻബലത്തിൽ മണിക്കൂറിൽ പതിനാല് നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാനുള്ള കരുത്തുള്ളതാണ്.  

പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് ജീവൻറെ കാവലാളായി 24 മണിക്കൂറും കൊല്ലം മുതൽ പൊഴിയൂരിനടുത്ത് തെക്കെകൊല്ലംകോട് വരെയുള്ള കടൽ മേഖലയിലെ രക്ഷാപ്രവർത്തന ദൗത്യമാണ് ആംബുലൻസിനുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, ബിപിസിഎൽ, കൊച്ചിൻ ഷിപ്പ് യാർഡിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് എന്നിവയടക്കം 18.24 കോടി രൂപയുപയോഗിച്ച് കൊച്ചിൻ ഷിപ്പ് യാർഡാണ് ഫിഷറീസ് വകുപ്പിന് വേണ്ടി മൂന്ന് മറൈൻ ആംബുലൻസുകൾ നിർമ്മിച്ചത്. വിഴിഞ്ഞത്തിനുള്ള 'പ്രതീക്ഷ' വൈപ്പിൻ തുറമുഖത്തിനുള്ള 'പ്രത്യാശ' ബേപ്പൂരിനുളള 'കാരുണ്യ' എന്നീ മൂന്ന്  ആംബുലൻസകൾ രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി നീറ്റിലിറക്കിയത്. 

കേരളാ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ഫിഷറീസ് വകുപ്പും സംയുക്തമായാണ് മറൈൻ ആംബുലൻസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. കൊച്ചിയിൽ നിന്ന് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയ പ്രതീക്ഷ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് വിഴിഞ്ഞം തീരത്തടുത്തത്. തങ്ങളുടെ രക്ഷകനായ പ്രതീക്ഷയെ എതിരേൽക്കാൻ രാവിലെ മുതൽ നാട്ടുകാരായ നിരവധിപേർ കൊവിഡ് പ്രോട്ടക്കോൾ പാലിച്ച് തീരത്ത് അണിനിരന്നിരുന്നു. 

കാത്തിരിപ്പിനൊടുവിൽ ഇന്നലെ ഉച്ചക്ക് 12 മണിയോടെ പഴയ വാർഫിൽ നങ്കൂരമിട്ട ആംബുലൻസിൻറെ മാസ്റ്റർക്ക് ബൊക്ക നൽകിയാണ് തീരത്തുകാർ എതിരേറ്റത്. മറൈൻ ആംബുലൻസ് എത്തിയതോടെ മറൈൻ എൻഫോഴ്സ്മെൻറിന് പട്രോളിംഗിനായി വിഴിഞ്ഞത്തുണ്ടായിരുന്ന രണ്ട് വാടക ബോട്ടുകളിൽ ഒന്നിനെ നീണ്ടകരയിലേക്ക് മാറ്റാനും തീരുമാനമായി.

click me!