നിരവധി ഭർത്താക്കന്മാരെ ഒരേ സമയം കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധ, ഫോൺ വിളികൾക്കും രേഷ്മയ്ക്ക് കൃത്യമായ സമയക്രമം

Published : Jun 11, 2025, 10:21 AM ISTUpdated : Jun 11, 2025, 10:22 AM IST
reshma marriage fraud

Synopsis

നിരവധി ഭർത്താക്കന്മാരെ ഒരേ സമയം കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധ, ഫോൺ വിളിക്കും കൃത്യമായ സമയക്രമം, രേഷ്മയുടെ തട്ടിപ്പിൽ ആസൂത്രിത പണം തട്ടലില്ലെന്ന് പൊലീസ്

തിരുവനന്തപുരം: പത്തോളം വിവാഹങ്ങൾ നടത്തി മുങ്ങി, ഒടുവിൽ തിരുവനന്തപുരത്ത് പിടിയിലായ രേഷ്മ ഒരേ സമയം ഒന്നിലധികം ഭർത്താക്കന്മാരെ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധയായിരുന്നുവെന്ന് പൊലീസ്. ഒരാളുടെ കൂടെ ജീവിക്കുമ്പോൾ മറ്റൊരാൾക്ക് ഒരു സംശയവും തോന്നാത്ത രീതിയിലുള്ള പെരുമാറ്റവും ഇടപെടലുകളുമാണ് രേഷ്മ നടത്തിയിരുന്നത്. ഒരു കുടുംബം മാത്രമുള്ളവർ കഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടു പോകുമ്പോഴാണ് ഒരു മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് മുന്നോളം പേരെ ഒരേ സമയം രേഷ്മ മാനേജ് ചെയ്തിരുന്നത്. കൃത്യമായ ഒരു സമയക്രമം തയ്യാറാക്കി ഇവർ ഭർത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു. എന്നാൽ ഒടുവിൽ വിവാഹം കഴിക്കാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്തംഗം തന്റെ സുഹൃത്തിൻ്റെ വീട്ടിൽ രേഷ്മയെ താമസിപ്പിച്ചപ്പോഴാണ് ഫോൺ വിളികളിൽ സുഹൃത്തിന്റെ ഭാര്യയ്ക്ക് സംശയം തോന്നിയത്.

വിവാഹത്തിന് തൊട്ടുമുമ്പ് ബ്യൂട്ടി പാർലറിൽ ഒരുങ്ങാൻ കയറുന്നതിനിടെ ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് മനസിലാക്കി പൊലീസിൽ പരാതി നൽകിയത്. വിവാഹം കഴിച്ചവരിൽനിന്ന് ആസൂത്രിതമായി പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്‌മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമാവുന്നത്. പലരും താലി മാത്രമാണ് വിവാഹത്തിനു കെട്ടിയത്. കല്യാണത്തിന് സ്വർണമാല തന്നെ വേണമെന്ന് പോലും രേഷ്മ ആവശ്യപ്പെട്ടിരുന്നില്ല. പിടിയിലാകുന്നതിന് തൊട്ടുമുമ്പ് ആര്യനാട് സ്വദേശിയുമായി നടക്കാനിരുന്ന വിവാഹത്തിലും രേഷ്മ പണം സംബന്ധിച്ചോ സ്വർണത്തെക്കുറിച്ചോ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്ന് പരാതിക്കാരൻ വിശദമാക്കുന്നത്.

റിമാൻഡിൽ കഴിയുന്ന ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമ്പോൾ മാത്രമേ വിവാഹങ്ങൾ സംബന്ധിച്ച് വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിച്ചവരിൽനിന്ന് നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് ഇവർ വാങ്ങിയിരുന്നതെന്നാണ് പ്രാഥമിക വിവരം. ആഭരണങ്ങളെല്ലാം രേഷ്‌മയുടെ പക്കൽത്തന്നെയുണ്ടായിരുന്നു. വിവാഹങ്ങൾ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു രേഷ്‌മയുടെ മൊഴി. 2014ൽ കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ വിവാഹം തുടങ്ങിയതായാണ് വിവരം. ഈ ബന്ധം ഒഴിഞ്ഞ ശേഷം പഠനത്തിനൊപ്പം വിവാഹങ്ങളും നടന്നു. ഇടയ്ക്ക് ബീഹാറിൽ അധ്യാപികയായിരുന്നെന്ന് പറയുന്ന ഇവർ, 2024-ൽ തിരിച്ച് കേരളത്തിലെത്തിയ ശേഷമാണ് രണ്ടുപേരെ വിവാഹം കഴിക്കുകയും മൂന്നുപേരെ വിവാഹം കഴിക്കാൻ നിശ്ചയിക്കുകയും ചെയ്‌തത്.

അമേരിക്കയിൽ നഴ്സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-നും വാളകം സ്വദേശിയെ മാർച്ച് ഒന്നിനും വിവാഹം കഴിച്ചു. ചുരുങ്ങിയ ദിവസത്തെ ദാമ്പത്യത്തിനു ശേഷം തൊടുപുഴ സ്വദേശി 24ന് അമേരിക്കയിലേക്ക് മടങ്ങി. 29 വരെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ രേഷ്മ തുടര്‍ന്ന് വാളകം സ്വദേശിയുടെ അടുത്തേക്കു പോകുകയായിരുന്നു. പിന്നീടായിരുന്നു വിവാഹം.സര്‍ട്ടിഫിക്കറ്റ് എടുക്കാനുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയാണ് ഇവിടെനിന്ന് തൊടുപുഴയിലെ ഭര്‍തൃവീട്ടിലേക്കു പോയിരുന്നത്. രേഷ്‌മയുടെ അമ്മയും കുഞ്ഞും വാളകം സ്വദേശിക്കൊപ്പമാണ് താമസിക്കുന്നതെങ്കിലും രേഷ്മ കൂടുതലായും താമസിച്ചിരുന്നത് തൊടുപുഴയിലെ വീട്ടിലാണെന്നാണ് വിവരം.

എല്ലായിടത്ത് നിന്നും പി എച്ച് ഡി പഠനത്തിന്റെ പേര് പറഞ്ഞാണ് രേഷ്മ ഇറങ്ങുന്നത്. ഇതിനിടയിലാണ് മാട്രിമോണി സൈറ്റ് വഴി കോട്ടയം സ്വദേശിയുമായി പരിചയപ്പെടുന്നത്. തൊടുപുഴയില്‍നിന്നു വാളകത്തേക്കുള്ള ബൈക്ക് യാത്രകള്‍ക്ക് രേഷ്മ ഉപയോഗിച്ചിരുന്നത് കോട്ടയം സ്വദേശിയെയാണ്. ഒടുവില്‍ പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് തിരുവനന്തപുരം വെമ്പായത്ത് രേഷ്മയെ എത്തിച്ചതും ഇതേ യുവാവ് തന്നെയാണ്. ഏപ്രില്‍, മേയ് മാസങ്ങളില്‍ കോട്ടയം സ്വദേശിയുമായി സൗഹൃദ സ്ഥാപിച്ച രേഷ്മ മേയ് 29നാണ് ആര്യാനാടുള്ള പഞ്ചായത്ത് അംഗവുമായി ഓണ്‍ലൈനില്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെടുന്നത്. ഇതിനിടെ കോട്ടയം സ്വദേശിയെയും വിവാഹം കഴിക്കാൻ തീരുമാനിച്ചു.

പിന്നാലെ ആര്യനാട്ടുള്ള പഞ്ചായത്തംഗവുമായും മാട്രിമോണി വഴി പരിചയപ്പെട്ട തിരുമല സ്വദേശിയായ യുവാവുമായുമുള്ള വിവാഹങ്ങളും തീരുമാനിച്ചു. തനിക്കു ബിഹാറില്‍ പോകണമെന്നും തിരുവനന്തപുരത്ത് ഒരാവശ്യം ഉണ്ടെന്നുമാണ് കോട്ടയം സ്വദേശിയോട് പറഞ്ഞത്. ജൂണ്‍ ആറിനാണ് തിരുവനന്തപുരം സ്വദേശിയുമായി വിവാഹം തീരുമാനിച്ചിരുന്നത്. അഞ്ചിന് വൈകിട്ട് കോട്ടയം സ്വദേശി രേഷ്മയുമായി വെമ്പായത്തേക്കു പുറപ്പെട്ടു. ബിഹാറിലേക്കു പോകും മുന്‍പ് താലികെട്ട് നടത്തണമെന്ന് കോട്ടയം സ്വദേശി പറഞ്ഞതോടെ യാത്രയ്ക്കിടെ ഒരു ക്ഷേത്രത്തില്‍ കയറി. നട അടച്ചിരുന്നതിനാല്‍ 5-ാം തീയതിയിലെ വിവാഹം നടന്നില്ല. വെമ്പായത്ത് രേഷ്മയെ ഇറക്കി കോട്ടയം സ്വദേശി മടങ്ങിയതോടെ തിരുവനന്തപുരത്തെ പഞ്ചായത്ത് അംഗത്തെ വിളിച്ച് താൻ എത്തിയ വിവരം അറിയിച്ചു. കല്യാണത്തലേന്ന് സുഹൃത്തിൻ്റെ വീട്ടിൽ രേഷ്മയെ നിർത്തിയ പഞ്ചായത്തംഗം കല്യാണത്തിനുള്ള ഒരുക്കങ്ങളിൽ ഓഡിറ്റോറിയം വരെ ബുക്ക് ചെയ്തു. തുടർച്ചയായുള്ള ഫോൺ കോളിൽ സുഹൃത്തിൻ്റെ ഭാര്യയ്ക്ക് സംശയം തോന്നിയതോടെയാണ് പിടി വീണത്. വിവാഹത്തിനു ശേഷം ഒരാവശ്യത്തിന് തൊടുപുഴയിലേക്കു പോകുമെന്ന് രേഷ്മ പഞ്ചായത്ത് അംഗത്തോടും പറഞ്ഞിരുന്നെന്നതിനാൽ ഇത് തിരുമല സ്വദേശിയെ വിവാഹം കഴിക്കാനാണെന്നാണ് പൊലീസ് കരുതുന്നത്.

വിവാഹ ശേഷം പല കാര്യങ്ങൾ പറഞ്ഞ് വീടുകളിൽ നിന്നിറങ്ങുന്നതിനാൽ മറ്റുള്ളവർ പരാതി നൽകിയിട്ടില്ല. എന്നാൽ തിരുവനന്തപുരത്ത് പിടിയിലായ വാർത്ത പരന്നതോടെ ചിലർ പൊലീസിനെ സമീപിച്ചിട്ടുണ്ട്. രേഷ്മയുടെ മറ്റു വിവാഹങ്ങളുടെ വിവരങ്ങൾ തേടുകയാണ് പൊലീസ്. ഓണ്‍ലൈന്‍ വിവാഹ പരസ്യങ്ങള്‍ കണ്ട് ആദ്യം അമ്മയെന്നു പറഞ്ഞു വിളിക്കുന്ന രേഷ്മ തന്നെയാണ് പിന്നീട് വധുവെന്ന രീതിയില്‍ സംസാരിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലായിരുന്നു തിരുവനന്തപുരം സ്വദേശിയെയും വിശ്വസിപ്പിച്ചത്. 2014 മുതൽ 2025 വരെ പത്തോളം വിവാഹങ്ങൾ കഴിച്ച ഇവർ കൂടുതൽ വിവാഹത്തിന് പ്ലാൻ ചെയ്തിരിക്കെയാണ് കുടുങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാചകം ചെയ്യാത്തത് 3 കിലോ, പാചകം ചെയ്തത് 2 കിലോ ! വീടിന്റെ പിറകിലിട്ട് മ്ലാവിനെ കൊന്ന് കറിവെച്ചു, 2 പേർ പിടിയിൽ
കേരളത്തിൽ സീസണിലെ ആദ്യത്തെ മൈനസ് താപനില, കിടുകിടാ വിറയ്ക്കുന്നു; വരുന്ന ദിവസങ്ങളിൽ താപനില ഇനിയും താഴാൻ സാധ്യത