
ആലപ്പുഴ: ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിൻ്റെ കൊലപാതകത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. കാവാലം സ്വദേശികളായ ഹരി കൃഷ്ണൻ, യദു കുമാർ എന്നിവരാണ് അറസ്റ്റിലായത്. കാവാലം സ്വദേശി സുരേഷ് കുമാർ കഴിഞ്ഞ രണ്ടിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മസ്തിഷ്ക അണുബാധയായിരുന്നു മരണ കാരണം. സുരേഷ് കുമാറിന്‍റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മർദനത്തിൽ തലയ്‍ക്കേറ്റ ക്ഷതമാണ് പിന്നീട് മസ്തിഷ്ക അണുബാധയായി മാറിയത്.
തലയ്ക്കുള്ളിൽ അണുബാധയേറ്റാണ് കാവാലം കുന്നമ്മ സ്വദേശി സുരേഷ് കുമാർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയിലിരിക്കെ മുപ്പതുകാരനായ യുവാവ് ജൂണ്‍ 2 ന് രാത്രിയാണ് മരിച്ചത്. തലയ്ക്കുള്ളിലെ അണുബാധയാണ് സുരേഷ് കുമാറിന്‍റെ മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. പരിശോധനയിൽ തലയോട്ടിക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. ഇത് അപകടത്തിൽ പരിക്കേറ്റതാണെന്നായിരുന്നു സുരേഷ് വീട്ടുകാരോടും ഡോക്ടർമാരോടും പറഞ്ഞത്.
എന്നാല്‍, പ്രദേശവാസികളായ നാല് പേർ ചേർന്ന് മർദിച്ചെന്ന് സുരേഷ് പറഞ്ഞതായി സുഹൃത്തുക്കളാണ് ബന്ധുക്കളെ അറിയിച്ചത്. കഴിഞ്ഞ ഏപ്രിൽ 22 നാണ് സുരേഷിന് മർദനമേറ്റതായി പറയുന്നത്. പിന്നാലെ സുരേഷിന്റെ അമ്മ നൽകിയ പരാതിയിൽ പുളിങ്കുന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam