
നിലമ്പൂര്‍: പ്രളയബാധിതരായ 17 കുടുംബങ്ങള്‍ക്ക് അഭയമൊരുക്കി ചാലിയാറിലെ മസ്ജിദുന്നൂര്‍ പള്ളി. വെള്ളക്കെട്ട് നാശം വിതച്ച മതില്‍മൂലയിലെ 17 കുടുംബങ്ങളില്‍ നിന്നായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 71 പേര്‍ക്കാണ് പള്ളിയുടെ മുകള്‍ നിലയില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. ഇവരില്‍ 28 പേര്‍ സ്ത്രീകളാണ്. ഇതര മതസ്ഥരായ കുടുംബങ്ങളേയും ഇരുകൈ നീട്ടി സ്വീകരിച്ചിരിക്കുകയാണ് മസ്ജിദുന്നൂര്‍ പള്ളി.
ശക്തമായ മഴയെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ ദുരിതബാധിത പ്രദേശങ്ങളിലുള്ളരെ പലയിടങ്ങളിലേക്കായി മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കവേയാണ് അഭയമൊരുക്കാന്‍ സന്നദ്ധരാണെന്നറിയിച്ച് പള്ളി ഭാരവാഹികളെത്തിയത്. തുടര്‍ന്ന് രാത്രിയോടെ പള്ളിയുടെ മുകളിലെ നിലയില്‍ തന്നെ സൗകര്യങ്ങളൊരുക്കി, കുടുംബങ്ങളെ ഇങ്ങോട്ട് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു.
ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവും വൈദ്യസഹായവുമെല്ലാം എത്തിക്കുന്നത് വിവിധ സന്നദ്ധ സംഘടനകളും പഞ്ചായത്ത് അധികൃതരുമാണ്. തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ മറ്റ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെങ്കിലും പള്ളിയിലെ ക്യാമ്പില്‍ നിന്ന് മാറാന്‍ ഈ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സില്ല.
സംഭവം അറിഞ്ഞ മന്ത്രി കെ.ടി ജലീല്‍ പള്ളി ഭാരവാഹികളെയും നാട്ടുകാരെയും അഭിനന്ദിച്ച് രംഗത്തെത്തി. ഇത്തരത്തിലായിരിക്കണം നമ്മുടെ നാട്ടിലെ ഓരോ ആരാധനാലയങ്ങളും പ്രവര്‍ത്തിക്കേണ്ടതെന്നും, പള്ളിയുടെ തൊട്ടടുത്ത പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന അനാഥാലയവും ഇതുപോലുള്ള നല്ല മാതൃകയാണ് എല്ലാവര്‍ക്കും നല്‍കുന്നതെന്നും ജലീല്‍ പ്രതികരിച്ചു. പള്ളിയിലെ ക്യാമ്പില്‍ കഴിയുന്നവര്‍ അവിടെ തന്നെ തുടരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സമീപത്തെ മറ്റ് ക്യാമ്പുകളെല്ലാം യോജിപ്പിച്ച് ഒന്നാക്കി, ഇവരെ പള്ളിയില്‍ തന്നെ തുടരാന്‍ അനുവദിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam