
കോട്ടയം: വഴിയില്‍ കിടന്ന് കിട്ടിയ സ്വര്‍ണവും പണവുമെല്ലാം ഉടമസ്ഥനെ കണ്ട് പിടിച്ച് തിരിച്ചുകൊടുത്ത് മാതൃകയായവർ നിരവധിയാണ്. എന്നാൽ മോഷ്ടിച്ച സാധനം തിരിച്ചുകൊടുത്ത മാപ്പ് പറഞ്ഞ മോഷ്ടാക്കളെ കുറിച്ച് കേട്ടുകേൾവിയുണ്ടാകില്ല. എന്നാല്‍ കോട്ടയം ചേനപ്പാടിയില്‍ മോഷണമുതലിന്‍റെ പകുതി ഉടമയ്ക്ക് തിരിച്ച് നല്‍കി കള്ളന്‍ എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്.
‘ഗതികേടുകൊണ്ട് എടുത്തതാണ്. പൊറുക്കണം...ബാക്കി തുക ഒരുമാസത്തിനുള്ളിൽ തിരിച്ച് തരും. മോഷ്ടിച്ച പണത്തിന്‍റെ പകുതി പണം തിരികെയേല്‍പ്പിച്ച് മോഷ്ടാവ് വച്ച കുറിപ്പില്‍ പറയുന്നു. ചേനപ്പാടി പുതുപ്പറമ്പിൽ സുലൈമാന്‍റെ കടയില്‍ നിന്നായിരുന്നു മോഷണം നടന്നിരുന്നത്. ബുധനാഴ്ച ഉച്ച സമയത്താണ് സുലൈമാന്റെ കടയിൽനിന്നും 20000 രൂപയോളം നഷ്ടപെട്ടത്. വീട് സമീപത്തായതിനാൽ കട പൂട്ടി ഭക്ഷണം കഴിയ്ക്കാൻ പോയ സമയത്താണ് മോഷണം.
ഒരു കെട്ടിടത്തിൽ തന്നെയാണ് പലചരക്ക് കടയും ചേർന്ന് കോഴിക്കടയും. കട പൂട്ടിയെങ്കിലും കോഴിക്കടയുടെ പിൻവശത്തെ ഗ്രിൽ പൂട്ടിയിരുന്നില്ല. ഈ വഴി അകത്ത് കടന്ന കള്ളന്‍ പണം കവരുകയായിരുന്നു.സുലൈമാന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരുകയാണ്. ഇതിനിടെയാണ് പണവും കുറിപ്പും ലഭിക്കുന്നത്.
കഴിഞ്ഞദിവസം രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഭിത്തിയില്‍ ഒരു കുറിപ്പും പൊതിയും കണ്ടത്. പൊതിക്കുള്ളിൽ 9600 രൂപയും ഉണ്ടായിരുന്നു. എന്തായാലും ബാക്കി പമംണം കൂടി തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുലൈമാനും. കള്ളന്‍റെ ക്ഷമാപണകുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam