
കൊച്ചി: കുണ്ടന്നൂരിൽ സ്റ്റീൽ കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ കവർന്ന കേസിൽ പ്രതികളെ പൊലീസ് തിരയുന്നു. മുഖംമൂടി ധരിച്ച് എത്തിയ മൂവർ സംഘം ഉപേക്ഷിച്ച കാർ തൃശ്ശൂരിൽ നിന്ന് കണ്ടെത്തി. കേസിൽ പ്രതികളെ സഹായിച്ചവർ അടക്കം അഞ്ചുപേർ കസ്റ്റഡിയിൽ ഉണ്ടെന്ന് കൊച്ചി കമ്മീഷണർ അറിയിച്ചു. സംഭവത്തിന് പിന്നിലെ ദുരൂഹ സാമ്പത്തിക ഇടപാടും പോലീസ് അന്വേഷിക്കുന്നുണ്ട്. .
കൊച്ചി കുണ്ടന്നൂരിൽ ദേശീയപാതയ്ക്ക് അരികിൽ തുറന്നു പ്രവർത്തിക്കുന്ന നാഷണൽ സ്റ്റീൽ കമ്പനിയിലാണ് ഇന്നലെ പട്ടാപ്പകൽ മൂവർ സംഘം മുഖംമൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ തട്ടിയെടുത്തത്. അജ്ഞാത കൊള്ളസംഘം നടത്തിയ കവർച്ചയല്ല ഇതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്റ്റീൽ കടയുടെ ഉടമ സുബിനുമായി ചിലർക്കുള്ള ദുരൂഹ സാമ്പത്തിക ഇടപാടാണ് എല്ലാത്തിനും പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സുബിനൊപ്പം ആ സമയം കടയിൽ ഉണ്ടായിരുന്ന സജിയെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. സജിയെ സഹായിച്ച വിഷ്ണുവിനെയും പിന്നാലെ പിടികൂടി. ഇന്ന് രാവിലെക്കുള്ളിൽ പ്രതികളെ സഹായിച്ചെന്ന് കരുതുന്ന അഞ്ചു പേരെ കസ്റ്റഡിയിലെടുത്തു. മുഖംമൂടി ധരിച്ച് കവർച്ച നടത്തി രക്ഷപ്പെട്ട സംഘത്തിനായി തിരച്ചിൽ തുടരുകയാണ്
പ്രതികൾ ഉപേക്ഷിച്ച റിറ്റ്സ് കാർ തൃശ്ശൂരിൽ നിന്ന് പോലീസ് കണ്ടെത്തി. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിൽ ദുരൂഹമായി നടത്തിയ പണം ഇരട്ടിപ്പിക്കൽ പരിപാടിയാണ് കുണ്ടന്നൂരിൽ നടന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. കസ്റ്റഡിയിലെടുത്ത സജിയുമായി 15 ദിവസത്തെ പരിചയമുണ്ടെന്നാണ് സുബിൻ പറഞ്ഞത്. സുബിന്റെ കയ്യിൽ 80 ലക്ഷം രൂപ പണമായുള്ള വിവരം സജിക്ക് കൃത്യമായി അറിയാമായിരുന്നു. പണമിടമാടുമായി ബന്ധപ്പെട്ടാണ് ഇന്നലെ മൂന്നുമണി സമയത്ത് സജി കടയിൽ എത്തിയത്. സുബിൻ 80 ലക്ഷം രൂപ എണ്ണുന്നതിനിടെ പൊടുന്നനെ കവർച്ചാസംഘം കടയ്ക്കുള്ള ലേക്ക് ഇരച്ചെത്തുകയായിരുന്നു. വടിവാളിന് പിന്നാലെ തോക്കുമുയർത്തിയതോടെയാണ് ഭയന്ന് വിറച്ച സുബിൻ 80 ലക്ഷവും കവർച്ചാ സംഘത്തിന് എടുത്തുകൊടുത്തത് പ്രതികൾ എന്ന സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുണ്ടന്നൂരിലെ റസ്റ്റോറന്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.