
തൃശ്ശൂർ: മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻ കവർച്ച നടത്തിയ സംഘത്തിലെ മുഖ്യസൂത്രധാരൻ പൊലീസ് പിടിയിൽ. രാജസ്ഥാനിലെ തിരുട്ടു ഗ്രാമത്തിൽ നിന്നാണ് സൂരജ് പവാറിനെ തൃശൂർ സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. മണ്ണുത്തിയിൽ നിന്നും മോഷ്ടിച്ച 47 പവനിൽ 26 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു. വേകൾ കേന്ദ്രീകരിച്ച് കവർച്ചകൾക്കായി സംഘം നടത്തിയത് 'തീരൻ' സിനിമ മോഡൽ യാത്രകളെന്ന് പൊലീസ് പറയുന്നു. പാലിയക്കര ടോൾ പ്ലാസയിലെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് തുടങ്ങിയ അന്വേഷണം എത്തിയത്, രാജസ്ഥാൻ ചിറ്റോർഗഡിലെ തിരുട്ടു ഗ്രാമത്തിൽ. അവിടെ പൊലീസ് കണ്ടത് കവർച്ച ആഘോഷമാക്കുന്ന മനുഷ്യരെ. ഏറ്റവും മികച്ച രീതിയിൽ മോഷണം നടത്തുന്നവർക്ക് എളുപ്പത്തിൽ കല്യാണം, തുടങ്ങി നൂറായിരം അന്ധവിശ്വാസങ്ങളുമായി ജീവിക്കുന്ന 'പഠിച്ച' കള്ളന്മാർ. ഓരോരുത്തർക്കും അവരുടേതായ കവർച്ച രീതികളും ഉണ്ട്. ട്രക്കുകളിൽ ചുറ്റിക്കറങ്ങി മോഷണം നടത്തുന്ന സംഘമായിരുന്നു മണ്ണുത്തിയിലെ വൻകവർച്ചക്ക് പിന്നിൽ.
കവർച്ചക്കായി സംഘം നടത്തിയത് തമിഴ് ചിത്രം 'തീരൻ' മോഡൽ യാത്രകൾ. ചുറ്റിക്കറങ്ങാൻ എന്ന രീതിയിൽ ട്രക്കുകളിൽ കയറി വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിക്കും. ഹൈവേകളിൽ ഇണങ്ങിയ വീട് കണ്ടാൽ, പൂട്ടു പൊളിച്ച് അകത്തുകടക്കും. എതിർക്കാൻ വരുന്നവരെ വകവരുത്താൻ പോലും മടിക്കില്ല. ആൾതാമസം ഇല്ലാത്ത വീടെന്നു കരുതിയാണ് തൃശ്ശൂർ മണ്ണുത്തിയിലെ വീട്ടിൽ കയറിയതെന്ന് പിടിയിലായ മുഖ്യസൂത്രധാരൻ സൂരജ് പവാർ പൊലീസിനോട് പറഞ്ഞു. വീട്ടുടമസ്ഥൻ സോമശേഖരനെ മർദ്ദിച്ച ശേഷം ആയിരുന്നു കവർച്ച. തലയണ വെച്ച് വായപൊത്തിയശേഷം ഗൃഹനാഥനെ കെട്ടിയിട്ടാണ് 47 പവൻ സ്വർണാഭരണങ്ങളും പണവും സംഘം ഇതിൽ കവർന്നത്. ഇതിൽ പിടിയിലായ മുഖ്യപ്രതിയിൽ നിന്ന് 26 പവൻ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കവർച്ചാ സംഘത്തിൽപ്പെട്ട 2 മഹാരാഷ്ട്ര സ്വദേശികളെയും പോലീസ് പിടികൂടിയിരുന്നു. മഹാരാഷ്ട്ര മധ്യപ്രദേശ് കർണാടക എന്നീ സംസ്ഥാനങ്ങളിലും സംഘം മുമ്പ് കവർച്ച നടത്തിട്ടുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam