
കൊച്ചി: എറണാകുളത്ത് റെയിൽവേ ഗേറ്റിന് സമീപം വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തി. നെടുമ്പാശേരി പുറയാർ റെയിൽവേ ഗേറ്റിന് സമീപം പതിവായി കഞ്ചാവ് ഒളിപ്പിച്ചു വയ്ക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ ബാഗിനുള്ളിലായി 12 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. കഞ്ചാവ് എടുക്കാനായി എത്തിയ രണ്ട് പേരെയും നാട്ടുകാർ പിടികൂടി എക്സൈസിന് ഏല്‍പ്പിച്ചു. പതിവായി നിരവധി പേർ ഇവിടെ രാത്രി ബൈക്കിലെത്തുന്നതാണ് നാട്ടുകാരില്‍ സംശയത്തിനിടയാക്കിയത്. ബൈക്കില്‍ എത്തി കുറ്റിക്കാടുകളിൽ കഞ്ചാവ് സൂക്ഷിക്കുന്നതാണ് പതിവ്. പിന്നീട് മറ്റ് സംഘങ്ങള്‍ എത്തി കഞ്ചാവ് വിതരണത്തിന് കൊണ്ടുപോകും. സംഭവത്തിൽ കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് എക്സൈസ് വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരം ശ്രീകാര്യത്ത് 90 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയിലായി. ശ്രീകാര്യം സ്വദേശികളായ ഷജീഫ്, സാബു എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഷജീഫും സാബുവും നിരവധി കഞ്ചാവ് - ലഹരി കേസുകളിൽ മുൻപും പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. കുറച്ച് നാൾ മുമ്പ് കോവളത്ത് 200 ഗ്രാം എം ഡി എം എയുമായി ഷജീഫ് പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും ലഹരി കച്ചവടം തുടർന്നതിനിടെ ആണ് പിടിയിലാകുന്നത്. ബംഗളൂരുവിൽ നിന്ന് സ്ഥിരമായി രാസ ലഹരികൾ എത്തിച്ചു വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് ഷജീഫ് എന്ന് പൊലീസ് വ്യക്തമാക്കി. ഇവിടെ നിന്നുമെത്തിച്ച എം ഡി എം എ ചെറിയ അളവുകളിലേയ്ക്ക് തൂക്കി മാറ്റി ചില്ലറ വിൽപ്പന നടത്താൻ സാബുവിന്‍റെ വീട്ടിലെത്തിയതപ്പോളാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. രഹസ്യ വിവരം ലഭിച്ച് വന്ന പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുയായിരുന്നു. പ്രതികളെ ഡാൻസാഫ് സംഘം ശ്രീകാര്യം പൊലീസിന് കൈമാറി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam