
കൊല്ലം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ 68-ആമത് ജന്മദിനം വിശ്വശാന്തിക്കായുള്ള പ്രാർത്ഥനായജ്ഞമായി ലോകവ്യാപകമായി ആചരിച്ചു. അമൃതപുരി ആശ്രമത്തിലെ അന്തേവാസികളോടൊപ്പം ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ഭക്തരും, ധ്യാനത്തിനും പ്രാർത്ഥനയ്ക്കും മറ്റു സേവനങ്ങൾക്കുമായി അമ്മയുടെ ഈ വർഷത്തെ ജന്മദിനം നീക്കിവച്ചു. അമൃതപുരിയിലെ ആശ്രമത്തിൽ നിന്നും അമ്മ ജന്മദിന സന്ദേശവും നൽകുകയുണ്ടായി. സാധാരണയായി ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തർ അമൃതപുരിയിലേക്ക് ഒഴുകിയെത്തുന്ന സേവനോത്സവമാണ് അമ്മയുടെ ജന്മദിനം. സംസ്ഥാന - കേന്ദ്ര ഭരണകൂടങ്ങളുടെ പ്രതിനിധികളും മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും സമ്മേളിക്കുന്ന പ്രൗഢമായ ജന്മദിനാഘോഷങ്ങൾക്കാണ് അമൃതപുരി വേദിയാകാറുള്ളത്. അമൃതപുരി ആശ്രമത്തിലെ 504 ബ്രഹ്മചാരീ ബ്രഹ്മചാരിണിമാർ പങ്കെടുത്ത വിശ്വശാന്തിയ്ക്കായുള്ള പ്രത്യേക യജ്ഞങ്ങളും ഹോമങ്ങളും സെപ്റ്റംബർ 25,26,27 ദിവസങ്ങളിലായി നടക്കുകയുണ്ടായി. അമ്മയുടെ ജന്മദിനമായ സെപ്റ്റംബർ 27-ന് ഗുരുപാദുക പൂജയും അമ്മയുടെ നേതൃത്വത്തിൽ ലോകശാന്തിയ്ക്കായുള്ള പ്രാർത്ഥനകളും നടന്നു.
നാം ജീവിക്കുന്ന ലോകം എണ്ണമറ്റ മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് ഇവിടെയുള്ള ജീവനുള്ളതും ഇല്ലാത്തതുമായ ഓരോന്നിനും അനുനിമിഷം മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ആ പരിണാമ ചക്രത്തിന്റെ മറ്റൊരു ദിശയിലാണ് നമ്മളിപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോകത്തിനെ ഒന്നടങ്കം ബാധിക്കുന്ന ഒരു സംഭവമോ ദുരിതമോ ഉണ്ടാകുമ്പോൾ അത് ലോകരെല്ലാവരുംകൂടി ചെയ്തുകൂട്ടിയ കർമ്മത്തിന്റെ ഫലമായിട്ടുവേണം കാണാൻ. അത്തരം സാഹചര്യങ്ങളിൽ ഒരു രാജ്യത്തിനെയോ ഒരു പ്രത്യേക വിഭാഗം ജനങ്ങളെ മാത്രമായോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നല്ലതായാലും ചീത്തതായാലും അതിന്റെ ഉത്തരവാദിത്തം നമ്മുടെ എല്ലാവരുടേതുമാണ്. അങ്ങനെ ചിന്തിച്ചാൽ മാത്രമേ നല്ല നാളേക്ക് തുടക്കംകുറിക്കുവാൻ കഴിയൂ. ഈ അവസരത്തിൽ നമ്മൾ ചെയ്യേണ്ടത്, സ്വയം ശാക്തീകരിക്കുക എന്നുള്ളതാണ്. അതായത് അവനവനിൽത്തന്നെയുള്ള ആത്മശക്തിയെ, ആത്മവിശ്വാസത്തെ, നിശ്ചയദാർഢ്യത്തെ, സ്ഥിരോത്സാഹത്തെ ഉണർത്താൻ നമുക്ക് കഴിയണം. ഇപ്പോൾ നാം കടന്നു പോകുന്ന ഈ കാലഘട്ടത്തെ അതിനുള്ള സന്ദർഭമായിട്ട് കാണുവാൻ നമ്മൾ ശ്രമിക്കണം. ഓരോരുത്തരും എല്ലാവർക്കും വേണ്ടി - എല്ലാവരും ഓരോരുത്തർക്കും വേണ്ടി, എന്ന ഭാവം എല്ലാവരും വളർത്തിയെടുക്കണം." ജന്മദിന സന്ദേശത്തിൽ അമ്മ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam