
മാവേലിക്കര: മാവേലിക്കരയിലെ വിവിധ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ വ്യാജ ഹോള്‍മാര്‍ക്ക് സീല്‍ പതിച്ച മുക്കുപണ്ടം പണയംവെച്ച് മൂന്നുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ പഴകുളം റസല്‍ മന്‍സില്‍ റസല്‍ മുഹമ്മദ് (20), നൂറനാട് പാലമേല്‍ ചെറുനാമ്പില്‍ സൂരജ് എസ് (19), അടൂര്‍ മോലൂട് ചരുവില്‍ തറയില്‍ ഉണ്ണിക്കുട്ടന്‍ (21), പന്തളം കുറുമ്പാല ജയലക്ഷ്മി വിലാസം സൂരജ് കുമാര്‍ എസ് (19) എന്നിവരെയാണ് എറണാകുളത്തെ ആഡംബര ഫ്ലാറ്റില്‍ നിന്ന് മാവേലിക്കര പൊലീസ് പിടികൂടിയത്. സുഹൃത്തുക്കളായ പ്രതികള്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നാണ് വ്യാജ ഹോള്‍മാര്‍ക്ക് ചെയ്ത മുക്കുപണ്ടം വാങ്ങിയിരുന്നതെന്ന് കണ്ടെത്തി. ഇതിനായി വ്യാജ ആധാര്‍ കാര്‍ഡുകളും ഉപയോഗിച്ചിരുന്നു.
ഒറിജിനല്‍ സ്വര്‍ണത്തെ വെല്ലുന്ന രീതിയിലാണ് മുക്കുപണ്ടത്തില്‍ ഹോള്‍മാര്‍ക്ക് ചെയ്തിരുന്നത്. അപ്രൈസര്‍മാരില്ലാത്ത ചെറുകിട ഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഹോള്‍മാര്‍ക്ക് മാത്രം നോക്കി പണയം സ്വീകരിക്കുന്നതാണ് പ്രതികള്‍ക്ക് സഹായകമായത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വീതിച്ചെടുത്ത് കൊച്ചിയില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഒന്നാംപ്രതി റസല്‍ മുഹമ്മദ് പോക്സോ, മോഷണം, അടിപിടി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.
സംഘം ചേര്‍ന്നുള്ള തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ ഐ പി എസിന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡി വൈ എസ് പി എം കെ ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട മുന്‍ കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. മാവേലിക്കര പൊലീസ് ഇന്‍സ്പെക്ടര്‍ സി ശ്രീജിത്ത്, എസ് ഐ അനന്തു എന്‍ യു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിഷ്ണു ആര്‍, വി എസ് അനന്തമൂര്‍ത്തി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam