
മാവേലിക്കര: മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ ഭാര്യയെയും മകളെയും ഉപദ്രവിച്ച ഭർത്താവ് അറസ്റ്റിൽ. വീടുപണിക്കായി ഭാര്യ ബന്ധുക്കളിൽ നിന്നും കടം വാങ്ങി വച്ചിരുന്ന പണം മദ്യപാനത്തിനായി നൽകാത്തതിലുള്ള വിരോധം കാരണമായിരുന്നു മദ്ദനം. പ്രതി ഭാര്യയെയും തടസ്സം പിടിക്കാൻ ചെന്ന മകളെയും ഉപദ്രവിക്കുകയും, കമ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. വെട്ടിയാർ സ്വദേശിയായ പള്ളിതെക്കതിൽ വീട്ടിൽ അഷറാഫ് (42) നെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം സംബന്ധിച്ച് കുറത്തികാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തിങ്കളാഴ്ച രാത്രി ഭാര്യയോട് പ്രതി പണം ആവശ്യപ്പെടുകയും പണം നൽകാത്തതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ വീണ്ടും ബഹളം വയ്ക്കുകയും ചെയ്തു. ഈ സമയം മുറിയിൽ നിന്ന് പുറത്തുവന്ന ഭാര്യയെ പ്രതി കമ്പുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഈ ആക്രമണം തടയാൻ ശ്രമിച്ച മകളെയും ഇയാൾ മർദ്ദിച്ചു. പ്രതി മുൻപും പല തവണ ഭാര്യയെയും മക്കളെയും ഉപദ്രവിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
കുറത്തികാട് പൊലീസ് ഇൻസ്പെക്ടർ പി കെ മോഹിതിന്റെ നേതൃത്വത്തിൽ എസ്ഐ. ബിന്ദുരാജ് എസ്, എ എസ്ഐ രാജേഷ് ആർ നായർ, സീനിയർ സിപിഒ ശ്യാം കുമാർ, സി പിഒ മാരായ അശ്വിൻ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത അഷറാഫിനെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam