ബാങ്ക് ജപ്തി ചെയ്ത 56 സെന്റ് സ്ഥലം, 22 ലക്ഷം കിട്ടിയാൽ നൽകാമെന്ന് കോടതി ജീവനക്കാരൻ; ഹരിപ്പാട് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥൻ പിടിയിൽ

Published : Oct 15, 2025, 12:44 PM IST
Harippad Fraud Case

Synopsis

ഹരിപ്പാട് 22 ലക്ഷം രൂപയുടെ വസ്തു തട്ടിപ്പ് കേസിൽ ചെങ്ങന്നൂർ പോക്സോ കോടതിയിലെ ബെഞ്ച് ക്ലർക്ക് അറസ്റ്റിലായി. ബാങ്ക് ജപ്തി ചെയ്ത വസ്തു വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് സ്ത്രീയിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. 

ഹരിപ്പാട്: വസ്തു വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോടതി ജീവനക്കാരൻ അറസ്റ്റിലായി. കുമാരപുരം വില്ലേജിൽ കരുവാറ്റ തെക്ക് മുറിയിൽ കൊച്ചുപരിയരത്ത് വീട്ടിൽ രാജീവ് എസ് നായർ (44) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. ചെങ്ങന്നൂർ പോക്സോ കോടതിയിലെ ബെഞ്ച് ക്ലർക്ക് ആണ് ഇയാൾ. കുമാരപുരം വില്ലേജിൽ കാവുങ്കൽ പടീറ്റത്തിൽ ഗോപിക എന്ന സ്ത്രീയിൽ നിന്നാണ് ഇയാൾ പണം തട്ടിയെടുത്തത്. പരാതിക്കാരിയുടെ സഹോദരൻ പ്രതിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നത് വഴിയുള്ള പരിചയം ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

വീട് വെക്കാൻ സ്ഥലം നോക്കുകയായിരുന്ന സഹോദരിയെ തെറ്റിദ്ധരിപ്പിച്ചാണ് രാജീവ് എസ് നായർ തട്ടിപ്പ് നടത്തിയത്. മാവേലിക്കര കുടുംബ കോടതിയുടെ എതിർവശം ബാങ്ക് ജപ്തി ചെയ്ത 56 സെന്റ് സ്ഥലം കിടപ്പുണ്ടെന്നും അത് വാങ്ങി നൽകാമെന്നും ഇയാൾ വാഗ്ദാനം ചെയ്തു. തുടർന്ന് പലതവണയായി പണമായും ഗൂഗിൾ പേ വഴിയായും 22 ലക്ഷം രൂപ കൈക്കലാക്കി. പണം കൈപ്പറ്റിയ ശേഷം ഇയാൾ പരാതിക്കാരിയെയും ഭർത്താവിനെയും ഈ സ്ഥലം കൊണ്ടുപോയി കാണിക്കുകയും, വസ്തു കോടതി സീൽ ചെയ്ത നിലയിലാണെന്നും ബാധ്യത തീർക്കാൻ സഹായിക്കുന്ന ജീവനക്കാർക്ക് നൽകാനെന്നും പറഞ്ഞ് വീണ്ടും പണം കൈപ്പറ്റുകയും ചെയ്തു.

വാഗ്ദാനം ചെയ്ത വസ്തു ലഭിക്കാതെ വന്നതോടെ പരാതിക്കാരി ഹരിപ്പാട് ഇൻസ്പെക്ടർ മുമ്പാകെ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിൽ ഇയാൾ കൊടുക്കാമെന്ന് പറഞ്ഞ വസ്തു ഇയാളുടെ പേരിലുള്ളതല്ലെന്നും കൊല്ലത്തുള്ള ഒരാളുടേതാണെന്നും വ്യക്തമായി. ഇതോടെ ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി, എസ്ഐ ആദർശ്, എ എസ് ഐ പ്രമോദ്, എസ് സി പി ഒ രേഖ, സി പി ഒ മാരായ നിഷാദ്, സജാദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ