ഉത്സവത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികള്‍ കുറ്റക്കാര്‍

By Web TeamFirst Published Mar 13, 2019, 4:51 PM IST
Highlights

ഉത്സവത്തിനിടയിൽ ശീതളപാനീയം വിതരണം ചെയ്തിരുന്ന ജീപ്പിൽ വലിയ ശബ്ദത്തിൽ പാട്ട് വെച്ചിരുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമായത്. പ്രശ്നം പറഞ്ഞു തീർത്തുവെങ്കിലും വിരോധത്താൽ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ

തൃശൂർ: മായന്നൂർകാവ് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ കുറ്റക്കാരെന്നു കോടതി കണ്ടെത്തി. വ്യാഴാഴ്ച ശിക്ഷ വിധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഒറ്റപ്പാലം മീറ്റ്ന സ്വദേശി പ്ലാക്കൽ ദാസ് (കൃഷ്ണദാസ്-34), ഒറ്റപ്പാലം എറര്ക്കാട്ടിൽ കൊട്ടിലം കുറിശ്ശി സത്യൻ (34) എന്നിവരെയാണ് കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്.

മറ്റു പ്രതികളായ കിഴക്കേതിൽ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ, വലിയവീട്ടുവളപ്പിൽ മഹേഷ്‌, രഞ്ജിത്ത് എന്നിവരെ തെളിവിന്റെ അഭാവത്തിൽ വിട്ടയച്ചു. തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.ടി നിസാർ ആണ് വിധി പറഞ്ഞത്.
മായന്നൂർ സ്വദേശി മൂത്തേടത്ത് പ്രഭാകരൻ (33) ആണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. 2005 മാർച്ച്‌ 26ന് ആയിരുന്നു സംഭവം. 

ഉത്സവത്തിനിടയിൽ ശീതളപാനീയം വിതരണം ചെയ്തിരുന്ന ജീപ്പിൽ വലിയ ശബ്ദത്തിൽ പാട്ട് വെച്ചിരുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമായത്. പ്രശ്നം പറഞ്ഞു തീർത്തുവെങ്കിലും വിരോധത്താൽ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പഴയന്നൂർ എസ്ഐ ആയിരുന്ന സി എസ് ഗോപാലകൃഷ്ണനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ മെഹബൂബ് അലി ഹാജരായി.

click me!