പ്രതിരോധ വാക്സിനില്ലാത്ത മാരകപനി സ്ഥിരീകരിച്ചു; മലപ്പുറത്ത് ജാഗ്രതാ നിര്‍ദേശം

By Web TeamFirst Published Mar 13, 2019, 4:47 PM IST
Highlights

വൈറസ് ബാധിച്ച ക്യൂലക്സ് കൊതുകുകളിലൂടെയാണ് രോഗം പടരുന്നത്. പ്രധാനമായും മൃഗങ്ങളിലൂടെയും ദേശാടന പക്ഷികളിലൂടെയുമാണ് ഈ വൈറസ് കൊതുകുകളിലേക്കെത്തുക

മലപ്പുറം: മാരകമായ വെസ്റ്റ് നിലെ പനി മലപ്പുറത്ത് സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആറ് വയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൊതുകുകളിലൂടെ പടരുന്ന ഈ രോഗത്തിന് പ്രതിരോധ വാക്സിന്‍ ലഭ്യമല്ലെന്നത് കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്.

വേങ്ങര എ ആര്‍ നഗര്‍ സ്വദേശിയായ ആറ് വയസുകാരനാണ് വെസ്റ്റ് നിലെ പനി സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍. വൈറസ് ബാധിച്ച ക്യൂലക്സ് കൊതുകുകളിലൂടെയാണ് രോഗം പടരുന്നത്. പ്രധാനമായും മൃഗങ്ങളിലൂടെയും ദേശാടന പക്ഷികളിലൂടെയുമാണ് ഈ വൈറസ് കൊതുകുകളിലേക്കെത്തുക. 

രോഗബാധിതനായ കുട്ടി താമസിച്ചിരുന്ന എ ആര്‍  നഗറിലും തിരൂരങ്ങാടിയിലും മൃഗങ്ങളുടെ രക്തസാമ്പിളുകള്‍  പരിശോധനക്കായി എടുത്തിട്ടുണ്ട്. രോഗം വരാതിരിക്കാനുള്ള വാക്സിൻ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കൊതുക് നശീകരണം ശക്തമാക്കിയിരിക്കുകയാണ് ജില്ലാ ആരോഗ്യ വിഭാഗം. 

വേങ്ങര, തിരൂരങ്ങാടി ഭാഗത്തുനിന്ന് മറ്റാര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതാണ് ആരോഗ്യവകുപ്പിന് ആശ്വാസം നല്‍കുന്നത്. അടിയന്തര സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാൻ സ്വകാര്യ ആശുപത്രികള്‍ക്കുള്‍പ്പെടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ആദ്യമായാണ് വെസ്റ്റ് നിലെ പനി സ്ഥിരീകരിക്കുന്നത്.
 

click me!