തൃശൂരില്‍ ക്രിസ്തുമസ്-പുതുവത്സര വിൽപ്പന ലക്ഷ്യമിട്ടെത്തിച്ച എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടി നെതര്‍ലന്‍സില്‍ നിന്ന് കൊറിയര്‍ വഴിയാണ് ലഹരിയെത്തിച്ചത്. 

തൃശൂര്‍: ക്രിസ്തുമസ് പുതുവത്സര വിൽപ്പന ലക്ഷ്യമിട്ട് നെതര്‍ലന്‍സില്‍ നിന്ന് കൊറിയര്‍ വഴി എത്തിച്ച എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടി. അൻപതിലേറെ സ്റ്റാമ്പുകളാണ് വാടാനപ്പള്ളി എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തളിക്കുളം സ്വദേശി സംഗീത് (28) ആണ് അറസ്റ്റിലായത്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ലഹരി മാഫിയയിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. അതിമാരകമായ കാലിഫോര്‍ണിയന്‍ സണ്‍ഷൈന്‍ വിഭാഗത്തില്‍ പെടുന്ന ലൈസര്‍ജിക് ആസിഡ് ഡൈതലാമൈഡ് ആണ് പിടിച്ചെടുത്തതെന്നും എക്സൈസ് അറിയിച്ചു.

നെതര്‍ലന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന വന്‍ രാസ ലഹരി മാഫിയയാണ് ഇതിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് എക്സൈസ് പറയുന്നു. തുടര്‍ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാടാനപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടറായ ബെന്നി ജോര്‍ജിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ഗ്രേഡ് കെ ആര്‍ ഹരിദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിബിന്‍ ചാക്കോ, അഫ്‌സല്‍ പി എ, അബില്‍ ആന്റണി, റിന്റോ, എക്‌സൈസ് ഓഫീസര്‍ ഡ്രൈവറായ ഫ്രാന്‍സി എ എഫ് എന്നിവര്‍ ചേർന്നാണ് ലഹരി പിടികൂടിയത്.

ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയിൽ

അതിനിടെ വടക്കാഞ്ചേരി ഓട്ടുപാറയില്‍ നിന്നു 20 ഗ്രാം ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി നസീറൂള്‍ ഹുസൈനെ (29) അറസ്റ്റ് ചെയ്തു. എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ജീന്‍ സൈമണും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. വിപണിയില്‍ ഉദ്ദേശം 5,00,000 രൂപ വില മതിക്കുന്ന മയക്കു മരുന്നാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഇത് 'തന' എന്നാണ് അറിയപ്പെടുന്നത്. ഒരു തവണ ഉപയോഗിച്ചാല്‍ തന്നെ ലഹരിക്ക് അടിപ്പെടുന്ന ഇത്തരം മയക്കു മരുന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ വഴിയാണ് നാട്ടിലെത്തുന്നത്.

ചെറിയ പ്ലാസ്റ്റിക് ഡപ്പികളിലാക്കി ഒരു ഡപ്പിക്ക് 500 രൂപ മുതല്‍ വിലയ്ക്കാണ് വിപണില്‍ വിറ്റു വരുന്നത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബിനു എം കെ, പ്രശാന്ത് വി, കൃഷ്ണകുമാര്‍ പി പി, കെ വി ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ യതുല്‍ കൃഷ്ണ, സനിഷ്, പ്രിവെന്റീവ് ഓഫീസര്‍ സന്തോഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ നൂര്‍ജ, സോന എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.