
തിരുവനന്തപുരം: ബംഗളൂരുവിൽ കറങ്ങി മടങ്ങി വരവെ 3 യുവാക്കളെ നിരോധിത സിന്തറ്റിക് ലഹരിയായ എം ഡി എം എയുമായി പൊലീസ് പിടികൂടി. പൊലീസിനെ വെട്ടിച്ച് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. തിരുവനന്തപുരം മുരുക്കുംപുഴയിലാണ് കാറിൽ കടത്തുകയായിരുന്ന 50 ഗ്രാം എം ഡി എം എയുമായി മൂന്ന് പേർ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് മംഗലപുരം പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. മുരുക്കുംപുഴ വരിക്ക് മുക്കിനു സമീപം വച്ച് കാർ തടഞ്ഞപ്പോൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വണ്ടി ചെറുത്താണ് ഇവരെ പിടികൂടിയത്.
ചിറയിൻകീഴ് പുളന്തുരുത്തി സ്വദേശി പടക്ക് സുധി (36), പെരുങ്ങുഴി സ്വദേശി ഷിബു (26), പൂഴനാട് സ്വദേശി ഗിരീഷ് (27) എന്നിവരാണ് പിടിയിലായത്. ബംഗളുരുവിൽ നിന്നും വാങ്ങിയ എം ഡി എം എ വിൽപ്പനയ്ക്കായി കൊണ്ടു പോകുന്ന വഴിയ്ക്കാണ് ഇവർ കുടുങ്ങിയത്. കാറിനുള്ളിലും ശരീരത്തിൽ ഒളിപ്പിച്ച നിലയിലുമായി 50 ഗ്രാം നിരോധിത സിന്തറ്റിക് ലഹരിയായ എം ഡി എം എ കണ്ടെത്തുകയായിരുന്നു. പ്രതികൾക്കൊപ്പം പൊലീസ് കാറും കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയായ സുധി നിരവധി ലഹരിക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി നാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എം ഡി എം എയുമായി പിടിയിലായി എന്നതാമ്. കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈൻ (40) ആണ് പിടിയിലായത്. കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. കൊണ്ടോട്ടി വൈദ്യരങ്ങാടിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എം ഡി എം എ പിടികൂടി. മയക്കുമരുന്ന് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് വർഷം മുൻപ് 56 ഗ്രാം എം ഡി എം എ യുമായി പരപ്പനങ്ങാടി പൊലീസ് പിടികൂടിയ സംഭവത്തിൽ ഈയിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. തുടർന്നും മയക്കുമരുന്ന് കച്ചവടത്തിൽ സജീവമാവുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam