കണ്ടല്ലൂരിൽ എംഡിഎംഎ പിടിച്ച കേസ്: എത്തിച്ചയാളെ ബെംഗളൂരുവിൽ നിന്ന് പൊക്കി പൊലീസ്

By Web TeamFirst Published Oct 3, 2022, 9:16 PM IST
Highlights

എംഡിഎംഎ കൈവശം വെച്ചതിന് ഒരു മാസം മുൻപ് കണ്ടല്ലൂരിൽ രണ്ട് പേർ പിടിയിലായ  കേസുമായി ബന്ധപ്പെട്ട് ഒരാളെ കനകക്കുന്ന്  പൊലീസ് അറസ്റ്റ് ചെയ്തു. 

ഹരിപ്പാട്: എംഡിഎംഎ കൈവശം വെച്ചതിന് ഒരു മാസം മുൻപ് കണ്ടല്ലൂരിൽ രണ്ട് പേർ പിടിയിലായ  കേസുമായി ബന്ധപ്പെട്ട് ഒരാളെ കനകക്കുന്ന്  പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ വടക്ക് പുതിയവിള എസ്കെ നിവാസിൽ സന്തോഷ് കുമാറിന്റെ മകൻ സച്ചിൻ ( 20) ആണ് പിടിലായത്. ബംഗളുരുവിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത സച്ചിനെ നാട്ടിൽ എത്തിച്ച് ചോദ്യം ചെയ്ത  ശേഷം തിങ്കളാഴ്ച രാവിലെ പൊലീസ് അറസ്റ്റ്  രേഖപ്പെടുത്തി.

ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സച്ചിൻ ബംഗളുരുവിൽ ബിബിഎ വിദ്യാർത്ഥിയാണ്. എഡിഎംഎ കേരള ത്തിൽ എത്തിക്കുന്നതിന് സച്ചിനും പങ്കാളി ആയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 14 ന് പട്ടോളിമാർക്കറ്റ്  സ്വദേശികളായ ജിഷ്ണു (20), അലൻ (21) എന്നിവരെ വീടുകളിൽ നിന്ന് 10 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് സച്ചിനെയും അറസ്റ്റ് ചെയ്തത്.

Read more: വൻ തോതിൽ ചാരായ നി‍ർമാണവും വിൽപ്പനയും, പിടിയിലാകുമ്പോൾ സ്റ്റോക്ക് 30 ലിറ്റ‍ര്‍, ചെങ്ങന്നൂരിൽ യുവാവ് അറസ്റ്റിൽ

അതേസമയം, പാലക്കാട് വീണ്ടും എംഡിഎംഎയുമായി യുവാവ് പിടിയിലായി. 100 ഗ്രാം എംഡിഎംഎയുമായി വാളയാറിൽ വെച്ചാണ് യുവാവ് പിടിയിലായത്. ആലപ്പുഴ അരൂക്കുറ്റി സ്വദേശി മോൻസ് മോഹനാണ് മാരക ലഹരിമരുന്നുമായി പിടിയിലായ യുവാവ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യദുകൃഷ്ണൻ എന്ന സുഹൃത്ത് ഓടിരക്ഷപ്പെട്ടു. ആന്റി നാർകോടിക് സെൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നടക്കം യുവാവിനെ പിടികൂടിയത്. 

പ്രതികൾ എംഡിഎംഎ കേരളത്തിലെത്തിച്ച് വിൽക്കുന്നവരാണെന്നാണ് വിവരം. ബെംഗളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ കേരളത്തിലേക്ക് എത്തിക്കുന്നത്. പിന്നീട് ആലപ്പുഴ ജില്ലയിലെ ചേർത്തല, അരൂർ ഭാഗങ്ങളിൽ എത്തിച്ച് വിൽക്കുകയാണ് പതിവെന്ന് എക്സൈസ് സംഘം പറഞ്ഞു.

സംസ്ഥാനത്ത് മുൻപ് കഞ്ചാവായിരുന്നു യുവാക്കൾ കൂടുതലും ഉപയോഗിച്ചിരുന്നതെങ്കിൽ സമാനമായ നിലയിൽ ഇന്ന് എംഡിഎംഎയും ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് പിടിയിലാകുന്ന കേസുകളിൽ നിന്ന് മനസിലാകുന്നത്. വയനാട് തോൽപ്പെട്ടി ചെക്പോസ്റ്റിൽ രണ്ട് ബൈക്ക് യാത്രികർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

click me!