
കോഴിക്കോട്: കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലക്ക് മുതല്‍ക്കൂട്ടായി ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടു കൂടിയ മെഡിക്കല്‍ ഐസിയു ആന്റ് സ്‌ട്രോക്ക് യൂണിറ്റ് സജ്ജമായി. എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ഐസിയു ഒന്നരമാസത്തിനുള്ളില്‍ തയ്യാറായത് ആരോഗ്യരംഗത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിന് ഉദാഹരണമാണ്.
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒരു കോടി രൂപ വിനിയോഗിച്ചാണ് ഐസിയുവിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 22 ബെഡുകള്‍ ഉള്‍ക്കൊള്ളുന്ന മെഡിക്കല്‍ ഐസിയു ആന്റ് സ്‌ട്രോക്ക് യൂണിറ്റാണ് ഒരുക്കിയിട്ടുള്ളത്. വിശാലമായ കാത്തിരിപ്പുകേന്ദ്രത്തോടൊപ്പം നഴ്‌സിംഗ് സ്റ്റേഷന്‍, വര്‍ക്ക് സ്റ്റേഷന്‍, നവീകരിച്ച ശുചിമുറി എന്നിവയും ഉണ്ട്.
സിവില്‍ വര്‍ക്കിനായി 46 ലക്ഷം രൂപ വിനിയോഗിച്ചു. 13 ലക്ഷം രൂപയുടെ സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐസിയു കോട്ട്, മള്‍ട്ടി പാര മോണിറ്റര്‍, മൊബൈല്‍ എക്‌സ്‌റെ, ഇന്‍ഫ്യൂഷന്‍ പമ്പ്, എ ബി ജി മെഷീന്‍, നോണ്‍ ഇന്‍വേസീവ് വെന്റിലേറ്റര്‍, വെന്റിലേറ്റഴ്‌സ്, ഡിഫിബ്രിലേറ്റര്‍, ഇ സി ജി മെഷീന്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളോടു കൂടിയ എല്ലാ സൗകര്യങ്ങളും ഫര്‍ണിച്ചറുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
എ പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സാംബശിവ റാവു എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഐസിയുവിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നത്. ഈ മാസം അവസാനത്തോടു കൂടി ഐസിയു രോഗികള്‍ക്ക് പ്രയോജനപ്പെടുത്താനാവുമെന്ന് ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. എ നവീന്‍ പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണ പ്രവൃത്തി എറ്റെടുത്ത് നടപ്പാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam