
തിരുവനന്തപുരം: രാജ്യത്തിന്‍റെ ബഹിരാകാശ നേട്ടങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവബോധം നൽകാൻ ഗവ. മോഡൽ ബോയ്‌സ് എച്ച്എസ്എസിൽ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഏകദിന ശില്പശാല. ഓഗസ്റ്റ് 14-ന് നടക്കുന്ന പരിപാടി വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടറായ എ. രാജരാജൻ ഉദ്ഘാടനം ചെയ്യും. മോഡൽ സ്കൂൾ പൂർവ വിദ്യാർത്ഥി കൂടിയായ അദ്ദേഹത്തിന് പിടിഎയുടെയും സ്റ്റാഫ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സ്വീകരണവും നൽകും. 'ആര്യഭട്ട മുതൽ ഗഗൻയാൻ വരെ: പുരാതന വിജ്ഞാനം മുതൽ അനന്ത സാധ്യതകൾ വരെ' എന്നതാണ് ഈ വർഷത്തെ ആഘോഷത്തിന്റെ വിഷയം.
വിഎസ്എസ്സി, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്സി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി), ഇൻ-സ്പേസ് (ഐഎൻ-എസ്പിഎസിഇ) എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രിൻസിപ്പൽ പ്രമോദ് കെ വി സ്വാഗതം പറയും, പിടിഎ പ്രസിഡന്‍റ് സുരേഷ് കുമാർ ആർ അധ്യക്ഷ പ്രസംഗം നടത്തും. വൈസ് പ്രിൻസിപ്പൽ ഫ്രീഡ മേരി ജെ എം. നന്ദി പറയും. ശില്പശാലയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
ദേശീയ ബഹിരാകാശ ദിനാഘോഷത്തിന്റെ ഭാഗമായി, ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചുള്ള ഒരു മെഗാ പ്രദർശനവും നടത്തും. വിഎസ്എസ്സി, എൽപിഎസ്സി എന്നിവയുടെ സഹകരണത്തോടെ ഓഗസ്റ്റ് 14, 15, 16 തിയതികളിലായിട്ടാണ് ഈ പ്രദർശനം നടക്കുന്നത്. വിഎസ്എസ്സി-യുടെ ഡെപ്യൂട്ടി ഡയറക്ടറും സോണൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ. അബ്രഹാം പ്രദർശനം ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്കും മറ്റു സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഈ പ്രദർശനത്തിൽ പങ്കെടുക്കാം.