
തിരുവനന്തപുരം: മന്ത്രി ജി ആർ അനിലിന്‍റെ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്‍റെ ഫ്യൂസ് ഊരി. വാവറയമ്പലത്തെ സിപിഐ വാർഡ് മെമ്പറാണ് ഫ്യൂസ് ഊരിയത്. മന്ത്രി ഉദ്ഘാടനത്തിനെത്താത്തതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് രണ്ട് തവണ ഫ്യൂസ് ഊരിയത്. മന്ത്രി ജി ആർ അനിലിന്‍റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് വാവറയമ്പലം വാർഡിലെ ചെറുവല്ലി മുസ്ലിം ജമാഅത്തിന്‍റെ മുന്നിൽ കഴിഞ്ഞ മാർച്ചിലാണ് മിനി മാസ്റ്റ് ലൈറ്റ് നിർമ്മിച്ചത്.
പല കാരണങ്ങളാൽ ഉദ്ഘാടനം വൈകി. ഒടുവിൽ ഇന്നലെ ജില്ലാ പഞ്ചായത്തംഗം വേണു ഗോപാലൻ നായർ ലൈറ്റ് സ്വിച്ച് ഓൺ ചെയ്തു. വൈകിട്ട് അഞ്ചരയോടെയായിരുന്നു ഉദ്ഘാടനം. ആറു മണിക്ക് സ്ഥലം മെമ്പർ അഭിൻ ദാസ് എത്തി ഫ്യൂസ് ഊരി. ഇതറിഞ്ഞ ഇടത് പ്രവർത്തകർ പഞ്ചായത്തംഗത്തിന്‍റെ വീട്ടിലെത്തി ഫ്യൂസ് തിരികെയെത്തിച്ച് ലൈറ്റ് വീണ്ടും കത്തിക്കുകയായിരുന്നു.
തുടർന്ന് രാത്രി പതിനൊന്നരയോടെ വാർഡ് മെമ്പർ അഭിൻ ദാസ് ഒരു സുഹൃത്തുമായി എത്തി ഈ ഫ്യൂസ് വീണ്ടും ഊരി. മന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നിർവഹിക്കാത്തതിൽ വാർഡ് മെമ്പർക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതാണ് മെമ്പറുടെ കടുംകൈക്ക് പിന്നിൽ. എന്തായാലും മെമ്പർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജമാഅത്ത് കമ്മിറ്റി പോത്തൻകോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam