
കണ്ണൂർ: ധർമ്മശാലയിലെ നിഫ്റ്റിലെ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. അധ്യാപകന്‍റെ മാനസിക പീഡനം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വിദ്യാർത്ഥിനി പൊലീസിന് മൊഴി നൽകി. തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകട നില തരണം ചെയ്തു.
ധർമ്മശാലയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ മൂന്നാം വർഷ ടെക്സ്റ്റൈൽസ് ഡിസൈനിങ് വിദ്യാർത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉച്ചയോടെയാണ് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പെൺകുട്ടി തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അധ്യാപകനായ സെന്തിൽ കുമാർ പാഠ്യപ്രവർത്തനങ്ങളുടെ ഭാഗമായി നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും സഹികെട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.
സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ കാമ്പസിലേക്ക് മാർച്ച് നടത്തി. കോളേജിന്‍റെ മുൻഭാഗം പ്രവർത്തകർ തല്ലിത്തകർത്തു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകരും കാമ്പസ്സിലേക്ക് മാർച്ച് നടത്തി. വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ കേസെടുക്കുമെന്ന് തളിപ്പറമ്പ് പൊലീസ് പറഞ്ഞു. ആരോപണം നേരിടുന്ന അധ്യാപകൻ ഇപ്പോൾ തമിഴ്നാട്ടിലാണെന്നും തിരിച്ചെത്തിയാലുടൻ അധ്യാപകന്‍റെ ഭാഗം കൂടി കേട്ട ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും നിഫ്റ്റ് ഡയറക്ടർ ഇളങ്കോവൻ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam