
കൊച്ചി: ഗ്രാമസഭ നോട്ടീസ് വിതരണം ചെയ്യാൻ പോയ ടീച്ചറെയും ഹെല്പറെയും മാനസിക വെല്ലുവിളി നേരിടുന്നയാൾ ആക്രമിച്ചു. ആക്രമണത്തിന്റെ ഷോക്കിൽ സ്വബോധം നഷ്ടപ്പെട്ട നിലയിലാണ് വാഴക്കുളം പഞ്ചായത്തിലെ വഞ്ചിനാട് 61-ാം നമ്പർ അംഗൻവാടിയിലെ ടീച്ചറായ ഷൈലജ. ഇന്നലെ ആണ് അംഗൻവാടിയുടെ പ്രവർത്തന സമയത്തിന് ശേഷം ഷൈലജയും ഹെല്പറായ താഹിറയും ചേർന്ന് നോട്ടീസ് വിതരണം ചെയ്യാൻ പോയത്. വീടുകൾ കയറിയിറങ്ങുന്നതിനിടെ പ്രദേശവാസിയും മാനസിക വെല്ലുവിളി നേരിടുന്നതുമായ 55കാരൻ ഇരുവരെയും തടഞ്ഞ് നിർത്തി മതിലിലേക്ക് ചേർത്ത് നിർത്തി ഉപദ്രവിക്കുകയായിരുന്നു. ഹെല്പറായ താഹിറയുടെ മുഖത്തടിക്കുകയും കഴുത്തിന് ഞെക്കി പിടിക്കുകയും ചെയ്തു. താഹിറയെ ആക്രമിക്കുന്നത് കണ്ടതോടെ ടീച്ചറുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് ടീച്ചറുടെ സ്വബോധം നഷ്ടമാവുകയായിരുന്നു.
ഇയാളെ പിടിച്ച് മാറ്റാൻ ശ്രമിക്കവെ താഹിറയുടെ ഇരു കൈകൾക്കും പരിക്കേറ്റു. ശരീരം അനക്കാൻ കഴിയാത്ത വലിയ വേദനയാണ് തനിക്കെന്ന് താഹിറ പറയുന്നു. 55 വയസുകാരനായ ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്നും ഈയടുത്ത് മദ്രസയിലേക്ക് പോയ കുട്ടികളെയും ആക്രമിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്. ഇന്ന് വൈകുന്നേരം അംഗൻവാടി ജീവനക്കാർ ചേർന്ന് ഇയാളുടെ വീടിന് സമീപം പ്രതിഷേധം നടത്തിയിരുന്നു. അതിന് മുൻപ് തന്നെ ഇയാളെ തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി നല്കിയിട്ടുണ്ട്. ഇത്തരം ജോലികൾ ചെയ്യുമ്പോൾ സംരംക്ഷണം ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു.
അതേ സമയം, അംഗൻവാടി ജീവനക്കാർക്ക് അമിത ജോലിഭാരമാണെന്നും തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്നും അംഗൻവാടി ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസത്തെ കേന്ദ്ര വിഹിതമായ ഓണറേറിയം ഇതുവരെയും ലഭിച്ചിട്ടില്ല. നിലവിൽ മൂന്ന് ഘടുക്കളായാണ് ഓണറേറിയം ലഭിക്കുന്നത്. അംഗൻവാടി കുട്ടികളെ നോക്കുന്നതിന് പുറമെ ഗർഭിണികൾക്കുളള ധനസഹായം, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 6 മാസം മുതൽ 3 വയസ് വരെയുളള കുട്ടികൾക്കുളള പോഷകാഹാര വിതരണം, ഗ്രാമസഭ നോട്ടീസ് വിതരണം, പോഷൻ ട്രാക്കറിലൂടെയുളള വിവരങ്ങൾ ചേർക്കൽ, ഹെൽത്ത് ചെക്ക്- അപ്പുകൾ, ആരോഗ്യ റെക്കോർഡ് മെയിന്റനൻസ്, കമ്മ്യൂണിറ്റി സ്പ്പോർട്ട്, ഹെൽത്ത് ആൻഡ് നൂട്രീഷൻ എജ്യുക്കേഷൻ തുടങ്ങി നിരവധി ജോലികളാണ് അംഗൻവാടി ജീവനക്കാർക്ക് ചെയ്യേണ്ടത്.
നിലവിൽ തങ്ങളുടെ സുരക്ഷയുടെ ആശങ്കയും വേതനമില്ലായ്മയും മുന്നോട്ട് വെക്കുകയാണ് അംഗൻവാടി ജീവനക്കാർ. ഗ്രാമസഭ നോട്ടീസ് വിതരണത്തിനുൾപ്പെടെ ബദൽ മാർഗങ്ങൾ തേടാൻ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും നീക്കമുണ്ടാകണമെന്നും ഒരു വിഭാഗം ആവശ്യമുയർത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam