കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന് (KFDC) 7,748.441 ഹെക്ടർ വനഭൂമിയുടെ പാട്ടം 25 വർഷത്തേക്ക് സർക്കാർ പുതുക്കി നൽകി. ഈ തീരുമാനത്തോടെ 600-ഓളം തൊഴിലാളികളുടെ പ്രതിസന്ധിക്ക് അവസാനമാവുകയും, നിർത്തിവെച്ചിരുന്ന യൂകാലിപ്റ്റ്സ്, അക്വേഷ്യ മരംമുറി പുനരാരംഭിച്ച് കോർപ്പറേഷന്റെ സാമ്പത്തിക നഷ്ടം നികത്താൻ വഴിയൊരുങ്ങുകയും ചെയ്തു.

തിരുവനന്തപുരം: കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷന് (KFDC) വനപരിപാലന പ്രവർത്തനങ്ങൾ തുടരുന്നതിന് 7,748.441 ഹെക്ടർ വനഭൂമിയുടെ പാട്ടം 25 വ‍ർഷത്തേക്ക് പുതുക്കി നൽകി. ഇതോടെ കെഎഫ്സിസിയ്ക്ക് കീഴിലുള്ള 600 ഓളം തൊഴിലാളികളുടെ ദുരിതത്തിന് ആശ്വാസമായി. കഴിഞ്ഞ ഡിസംബർ 31 അവസാനിച്ച പാട്ടക്കാലാവധി കാരണം കഴിഞ്ഞ ഏതാനും മാസങ്ങളായി കെഎസ്എഫ്ഡിസിയ്ക്കുണ്ടായ നഷ്ടം ഒരു പരിധിവരെ ഇതിലൂടെ നികത്താൻ കഴിയും.

പാട്ടഭൂമി

1976 മുതൽ വിവിധ വനം ഡിവിഷനുകൾക്ക് കീഴിലായി സംസ്ഥാന സർക്കാർ കൈമാറിയ 10,618.897 ഹെക്ടർ വനഭൂമിയാണ് വനവിളകൾ വളർത്തന്നതിനായി കോർപ്പറേഷന് പാട്ടത്തിന് നൽകിയിരുന്നത്. ഇതിൽ 7,748.441 ഹെക്ടർ വനഭൂമിയുടെ പാട്ടമാണ് 25 വർഷത്തേക്ക് കൂടി സർക്കാർ പുതുക്കി നൽകിയത്. ബാക്കിയുള്ള 2,968.741 ഹെക്ടർ ഭൂമി നാണ്യവിള തോട്ടങ്ങൾക്കുള്ള പാട്ടത്തുക അടച്ച് കോർപ്പറേഷന്‍റെ കൈവശമാണുള്ളത്.

മുറിച്ച് മാറ്റുക യൂകാലിപ്റ്റ്സ്, അക്വേഷ്യ

പാട്ടക്കാലാവധി അവസാനിച്ചതിനെ തുടർന്ന് 95 ഹെക്ടറിൽ നിന്നും ഓരോ വർഷവും യൂകാലിപ്റ്റ്സ്, അക്വേഷ്യ തുടങ്ങിയ മരങ്ങളുടെ മരം മുറി നിർത്തിവച്ചിരുന്നു. പാട്ടക്കാലാവധി നീട്ടയതോടെ ഈ മരങ്ങൾ മുറിച്ച് തുടങ്ങുമെന്ന് കെഎഫ്ജിസി ഡയറക്ടർ രാജു ഫ്രാൻസിസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഇതിലൂടെ രണ്ട് മാസമായി നഷ്ടം സഹിക്കുന്ന കോർപ്പറേഷന്‍റെ നഷ്ടം ഒരു പരിധിവരെ നികത്താൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മുറിച്ച് മാറ്റുന്ന യൂകാലിപ്റ്റ്സ്, അക്വേഷ്യ മരങ്ങൾക്ക് പകരം തദ്ദേശീയ മരങ്ങളാണ് വച്ച് പിടിപ്പിക്കുന്നത്.

സാമ്പത്തിക ബാധ്യതയ്ക്ക് പരിഹാരം

വനം മന്ത്രാലയത്തിന്‍റെ അനുമതിയോടെ 2030 വരെ മാനേജ്മെന്‍റ് പ്ലാൻ അനുസരിച്ചായിരിക്കും മരങ്ങൾ മുറിക്കുക. ഇങ്ങനെ മരം മുറിച്ച് വിൽക്കുന്നതിലൂടെ കെഎഫ്ഡിസിയ്ക്ക് കീഴിലുള്ള 600-ഓളം തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന വേതനം അടക്കമുള്ള സാമ്പത്തി ബാധ്യതകൾ പരിഹരിക്കാൻ കഴിയും. ഒരു വ‍ർഷം 25 കോടിയോളമാണ് ശമ്പള ഇനത്തിൽ വേണ്ടിവരുന്നതെന്നും കഴിഞ്ഞ രണ്ട് മാസമായി മരം മുറി തടസപ്പെട്ടതിനെ തുടർന്ന് 1.5 കോടി രൂപ പ്രതിമാസ നഷ്ടം കോർപ്പറേഷനുണ്ടായെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇതുമൂലം ഏതാണ്ട് 12 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് കോർപ്പറേഷനുണ്ടായത്. പുതിയ ഉത്തരവോടെ കെഎഫ്ഡിസിയ്ക്കുണ്ടായ നഷ്ടം ഗണ്യമായി കുറയ്ക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.