
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്തിനു തൂക്കുപാലത്ത് കെട്ടിട നിർമ്മാണത്തിനെടുത്ത പില്ലർ കുഴിക്കുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് തൂക്കുപാലം ബസ് സ്റ്റാൻഡിനു പുറകിൽ സ്വകാര്യ വ്യക്തി നിർമ്മിക്കുന്ന കെട്ടിടത്തിന് പില്ലറിനായെടുത്ത കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. തലകീഴായി മറിഞ്ഞു വീണ നിലയിലായിരുന്നു മൃതദേഹം. ഉദ്ദേശം അൻപത് വയസ്സോളം പ്രായമുള്ള പുരുഷനാണ് മരിച്ചത്.
ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യപിച്ചതിനു ശേഷം നടന്നു പോകുന്നതിനിടെ അബദ്ധത്തിൽ കുഴിയിൽ വീണതാകമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹത്തിന് സമീപത്തായി ഭക്ഷണ അവശിഷ്ടങ്ങളും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. അടുത്തുള്ള കുഴിയിൽ നിന്നും ഒരു മദ്യക്കുപ്പിയും ലഭിച്ചിട്ടുണ്ട്.
ഫോറൻസിക്ക് വിദഗ്ദർ, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദർ തുടങ്ങിയവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് വൈകിട്ട് നാലരയോട് കൂടിയാണ് മൃതദേഹം പുറത്തെടുത്തത്. കുഴിയിൽ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. തൂക്കുപാലം ബസ് സ്റ്റാൻഡിലെയും പരിസരപ്രദേശങ്ങളിലെയും ബെവ്കോ ഔട്ട്ലെറ്റിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോൻ പറഞ്ഞു. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam