Asianet News MalayalamAsianet News Malayalam

ബൈക്കിന്‍റെ ശബ്ദം, സ്വർണ്ണമാലയിൽ പിടി വീണു; മോഷ്ടാവിന്‍റെ കൈ കടിച്ചുപറിച്ച് വീട്ടമ്മ, രക്ഷപ്പെട്ടോടി യുവാവ്...

പെട്ടെന്ന് പിന്നിൽ ബൈക്കിൻറെ ശബ്ദം കേട്ടു. പിന്നാലെ കഴുത്തിലെ മാലക്ക് പിടി വീണു. മോഷ്ടാവിന് മാല വലിച്ചെടുക്കാൻ ഒരു ഒഴിവ് കിട്ടും മുമ്പേ ലത കള്ളൻറെ കയ്യിൽ ആഞ്ഞു കടിക്കുകയായിരുന്നു.

chain snatching attempt in palakkad police start investigation vkv
Author
First Published Oct 28, 2023, 12:51 AM IST | Last Updated Oct 28, 2023, 12:51 AM IST

മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിൻറെ കൈ കടിച്ച് പറിച്ച് വീട്ടമ്മ. കടിയേറ്റ മോഷ്ടാവ് മാലയിലെ പിടിവിട്ട് ബൈക്കിൽ രക്ഷപ്പെട്ടു. പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മണ്ണാർക്കാട് സ്വദേശിയായ ലതയുടെ സ്വർണ്ണമാല പൊട്ടിക്കാനുള്ള ശ്രമമാണ് സമയോചിതമായ ഇടപെടലിലൂടെ പൊളിച്ചത്.  അപ്രതീക്ഷിത പ്രതികരണത്തിൽ മാലവിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു.  

കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ വീട്ടുജോലിക്ക് ഇറങ്ങിയതായിരുന്നു ലത. ഒൻപതേമുക്കാലോടെ മണ്ണാർക്കാട് ടിപ്പുസുൽത്താൻ റോഡിൽ ബസ്സിറങ്ങി.  ജോലിസ്ഥലത്തേക്ക് നടക്കെവയാണ് സംഭവം. പെട്ടെന്ന് പിന്നിൽ ബൈക്കിൻറെ ശബ്ദം കേട്ടു. പിന്നാലെ കഴുത്തിലെ മാലക്ക് പിടി വീണു. മോഷ്ടാവിന് മാല വലിച്ചെടുക്കാൻ ഒരു ഒഴിവ് കിട്ടും മുമ്പേ ലത കള്ളൻറെ കയ്യിൽ ആഞ്ഞു കടിക്കുകയായിരുന്നു. ഇതോടെ യുവാവ് പിടി വിടുകയും ലത മാല തിരിച്ചു പിടിക്കുകയും ചെയ്തു. കടി കിട്ടിയ പ്രതി അതിവേഗം കോങ്ങാട് റോഡിലൂടെ ബൈക്കിൽ അപ്രത്യക്ഷനായി.

യുവാവിന് പിന്നാലെ ഓടിയെങ്കിലും ഇയാള്‍ ബൈക്കിൽ അതിവേഗം രക്ഷപ്പെട്ടെന്ന് ലത പറഞ്ഞു.  മണ്ണാർക്കാട് തെങ്കര മേലാമുറി സ്വദേശിനി ലതക്ക് നാല് മക്കളാണ്. മക്കളുടെ വിദ്യാഭ്യാസമടക്കമുള്ള ജീവിതച്ചെലവുകൾ ഭർത്താവിൻറെ കൂലിപ്പണികൊണ്ട് മാത്രം താങ്ങാനാകില്ലെന്ന് വന്നതോടെയാണ് ലത വീട്ടു ജോലിക്ക് പോയി തുടങ്ങിയത്. വീട്ടുജോലിയെടുത്തുണ്ടാക്കിയ കാശ് കൂട്ടി വെച്ച് വാങ്ങിയ മാല നഷ്ടപ്പെടുന്നത് ലതക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ലത പെട്ടന്നു കടിക്കുമെന്ന് കള്ളനും ചിന്തിച്ചു കാണില്ല. ഒരു പക്ഷേ കള്ളൻറെ കരിയറിലും ഇത്തരമൊരു കടി ആദ്യമായിരിക്കും. കടി കിട്ടിയ കള്ളനായുള്ള തിരച്ചിൽ മണ്ണാർക്കാട് പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Read More :  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോ'; യുവതിയെയും മകളെയും കണ്ടക്ടർ സ്വകാര്യ ബസില്‍നിന്നും ഇറക്കിവിട്ടു, പരാതി...

Latest Videos
Follow Us:
Download App:
  • android
  • ios