വയലില്‍ ഞാറ്റുപാട്ടില്ല, ബംഗാളി പാട്ടുകള്‍; കാർഷിക മേഖലയിലും വേരുറപ്പിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ

By Web TeamFirst Published Jun 27, 2019, 9:54 AM IST
Highlights

മണിക്കൂറുകൾ കൊണ്ട് നടീൽ പൂർത്തിയാക്കി അടുത്ത പാടത്തേക്ക് മുന്നേറുകയാണ് ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍. മുൻ വർഷങ്ങളിൽ അപൂർവ്വമായിരുന്നു പാലക്കാട് ഇത്തരം കാഴ്ച. 

പാലക്കാട്: കാർഷിക മേഖലയിലും വേരുറപ്പിച്ച് ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ. ഞാറുനടാൻ നാട്ടിലെ തൊഴിലാളികളെ കിട്ടാതായതോടെ, പശ്ചിമ ബംഗാളിൽ നിന്നുളള തൊഴിലാളികളാണ് ഇക്കുറി വ്യാപകമായി പാലക്കാട്ടെ വയലുകളില്‍ പണിക്കിറങ്ങിയിട്ടുള്ളത്.കണ്ണന്നൂരിലെ വയലുകളില്‍ നാടൻ ഞാറ്റുപാട്ടില്ല, പകരം ബംഗാളി ഞാറുനടീൽ പാട്ടുകള്‍ സജീവമാണ്.

മണിക്കൂറുകൾ കൊണ്ട് നടീൽ പൂർത്തിയാക്കി അടുത്ത പാടത്തേക്ക് മുന്നേറുകയാണ് ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍. മുൻ വർഷങ്ങളിൽ അപൂർവ്വമായിരുന്നു പാലക്കാട് ഇത്തരം കാഴ്ച. നടീലിന് തൊഴിലാളികളെ കിട്ടാതായതോടെ പശ്ചിമ ബംഗാളിൽ നിന്നുളള തൊഴിലാളികളാണ് മിക്ക കർഷകർക്കും ഇക്കുറി ആശ്രയം.

പരമ്പരാഗത കർഷകത്തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ചുവടുമാറിയതാണ് ഇവിടുത്തെ പ്രതിസന്ധി. കേരളത്തിൽ കൃഷിപ്പണിക്ക് ആളില്ലെങ്കില്‍, പശ്ചിമ ബംഗാളില്‍ തൊഴിലില്ലായ്മയാണ് പ്രശ്നമെന്ന് ബംഗാളി കർഷകത്തൊഴിലാളി പറയുന്നു.

ആവശ്യക്കാർക്ക് എട്ടും പത്തും പേരടങ്ങുന്ന ചെറുസംഘങ്ങളായി ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ചുകൊടുക്കാൻ ഇടനിലക്കാരും സജീവമാണ്.നാട്ടിലെ കർഷകത്തൊഴിലാളികൾ മൂന്ന് ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന പണി തീർക്കാൻ ഒരുദിവസംമതി ഇവര്‍ക്ക്. ഒരേക്കറിന് 4000 രൂപയാണ് കര്‍ഷകന് ചെലവ് വരിക. ഇതെല്ലാമാണ് ബംഗാളി കർഷകത്തൊഴിലാളികളിലേക്ക് തിരിയാനുള്ള കാരണമെന്നാണ് നിരീക്ഷണം.

click me!