
ആലപ്പുഴ: പാടത്ത് പണിയെടുക്കാൻ ആളെക്കിട്ടാതെ പ്രതിസന്ധിയിലായ കർഷകർക്ക് ആശ്വാസമായി അതിഥി തൊഴിലാളികൾ ഞാറുനടാൻ
എത്തി. ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് ഒന്നാംവാർഡ് മൂന്നാംബ്ളോക്ക് പാടശേഖരത്തിൽ നെൽ കൃഷിക്കായി നിലം ഒരുക്കാനും ഞാറു നടാനും നാട്ടുകാരെ കിട്ടാതെയായപ്പോളാണ് ബീഹാറികളായ തൊഴിലാളികൾ ഞാറു നടാൻ എത്തിയത്. ചെന്നിത്തല പുത്തൻകോട്ടയ്ക്കകം കുറ്റിയിൽ കെ. എൻ തങ്കപ്പൻ തന്റെ വീടിനു സമീപത്തെ വിരിപ്പ്നിലം പാട്ടത്തിനെടുത്ത് നെൽവിത്ത് പാകി കിളിർപ്പിച്ച് ഞാറുകൾ പറിച്ചെടുത്തതും അഞ്ച് കി. മീ അകലെയുള്ള മൂന്നാം ബ്ളോക്ക് പാടശേഖരത്തിൽ എത്തിച്ച് നട്ടതുമെല്ലാം ഈ അതിഥി തൊഴിലാളികളാണ്.
കർഷകതൊഴിലാളികളായ സ്ത്രീകളും ഒപ്പമുണ്ട്. നമ്മുടെ നാട്ടിൽ തൊഴിലാളികളെ കിട്ടാതെ വന്നാൽ ഇതര സംസ്ഥാനക്കാരെ ആശ്രയിക്കുകയെ നിവൃത്തിയുള്ളൂവെന്ന് മികച്ച കർഷകപുരസ്കാരജേതാവും പത്രവിതരണക്കാരനുമായ തങ്കപ്പൻ പറയുന്നു. വളരെ വേഗത്തിലും കൃത്യതയോടെയും ആണ് അവർ പണിയെടുക്കുന്നതെന്ന് തങ്കപ്പൻ സാക്ഷ്യപ്പെടുത്തുന്നു. രാവിലെ തന്നെ അവർ പാടത്തിറങ്ങും. വൈകിട്ട് അഞ്ച്മണിയോടെ ജോലി നിർത്തുമ്പോൾ എണ്ണൂറ് രൂപ കൂലി നൽകണം. രാവിലെ ചായ കുടി കഴിഞ്ഞ് ഇറങ്ങുന്ന ഇവർ ഉച്ചഭക്ഷണവുമായിട്ടാണ് എത്തുന്നത്.
ഉച്ചഭക്ഷണത്തിനായി ഒരു മണിക്കൂർ വിശ്രമം. കൃഷി പ്രധാനതൊഴിലായ ബീഹാറുകാരായ ഇവർക്ക് കൃഷിപ്പണിയിൽ തഴക്കവും പഴക്കവും ഉണ്ട്. ഏത് തൊഴിൽ ചെയ്യാനും ഇവർ റെഡിയാണ്. കാർഷിക മേഖലയിലെ തൊഴിൽ നിലയ്ക്കുമ്പോൾ മറ്റു മേഖലകളിലേക്ക് ഇവർ ചേക്കേറും. അനിൽ മധു, രാജേഷ് യാദവ്, രാംനാഥ്, അനിരുദ്ധ്, സുരേന്ദർ തുടങ്ങിയ പതിനഞ്ചോളംപേരാണ് പാടത്ത് പണിക്കായി ഇറങ്ങിയിരിക്കുന്നത്. ഇവരിൽ പലരും കേരളത്തിലെത്തിയിട്ട് ഏഴും എട്ടും വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam