മരുഭൂമിയില്‍ നിന്നെത്തുന്ന ദേശാടനപക്ഷികളെ ഭയക്കേണ്ടതുണ്ട് !

By Valsan RamamkulathFirst Published Jan 30, 2019, 3:44 PM IST
Highlights

കേരളത്തിന്‍റെ മദ്ധ്യ-തീരപ്രദേശങ്ങളില്‍ മയിലുകളെ ധാരാളമായി കണ്ടുവരുന്നുതും റോസി പാസ്റ്ററെ പോലുള്ള ചൂടേറിയ സ്ഥലങ്ങളില്‍ ജീവിക്കുന്ന പക്ഷികള്‍ കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുതും ഇവിടുത്തെ കാലാവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നതിന്‍റെ സൂചനയാണെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. 

തൃശൂര്‍: 'മരുഭൂമിയില്‍ മാത്രം കണ്ടുവരുന്ന ചില ദേശാടന പക്ഷികള്‍' രാഷ്ട്രീയ കേരളത്തിലേക്ക് ഇടയ്ക്കിടെയെത്തുന്നത് വലിയ ചര്‍ച്ചയാണ്. തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ മാത്രമല്ല, പക്ഷികളുടെ വരവ് അജണ്ടയാകുന്നത്. പക്ഷി നിരീക്ഷകരുടെ പ്രധാന ചര്‍ച്ചയും ശ്രദ്ധയും കാലങ്ങളായി മുഖ്യമന്ത്രി പറഞ്ഞ ആ ദേശാടന പക്ഷികളിലാണ്. 'അവയ്ക്ക് ഇപ്പോള്‍ നമ്മുടെ നാടിനോട് ഇഷ്ടം കൂടുന്നുണ്ട്... ഇടക്കിടെ എത്തുന്ന ഈ ദേശാടന പക്ഷികള്‍ നമ്മെ അസ്വസ്ഥപ്പെടുത്തുന്നതാണ്... ആപത്താണ് വരാനിരിക്കുന്നതെന്ന് ആലോചിക്കേണ്ടതാണ്'-  കളിയായും കാര്യമായും മുഖ്യമന്ത്രി പറഞ്ഞ പക്ഷിക്കഥ പ്രധാനമന്ത്രിയെ ഉന്നം വെച്ച ആക്ഷേപമാണെന്നല്ലേ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാവുന്നത്. പക്ഷേ, പക്ഷി നിരീക്ഷകര്‍ ഇത് യാഥാര്‍ഥ വസ്തുതയായി കണ്ടെത്തിയാണ് നിരീക്ഷണങ്ങളും നിഗമനങ്ങളും നടത്തുന്നത്. 

ഇന്ത്യയിലെ ചൂടേറിയ സ്ഥലങ്ങളില്‍ കണ്ടുവരുന്ന 'റോസി പാസ്റ്റര്‍' എന്ന ഇനം പക്ഷി കോട്ടയം, തിരുന്നക്കര ഭാഗങ്ങളില്‍ ധാരാളമായി കണ്ടുവരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഞായറാഴ്ച കണ്ണൂരില്‍ ഗവ. ബ്രണ്ണന്‍ കോളേജില്‍ സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. അന്ന് തന്നെയായിരുന്നു കൊച്ചിയില്‍ ബിപിസിഎല്ലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും തൃശൂരില്‍ യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിനുമായി പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവും. 

ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ, കേരളം ഏറെ പ്രതീക്ഷയര്‍പ്പിച്ച് ബിജെപി പ്രത്യക ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലും കടന്നിരിക്കെ ആഴ്ചകള്‍ക്ക് മുമ്പ് കൊല്ലം ദേശീയപാത ഉദ്ഘാടനവും ബിജെപി റാലിയിലും പങ്കെടുത്ത് പോയതിന് തൊട്ട് പിന്നാലെ പ്രധാനമന്ത്രി കേരളത്തിലേക്ക് വീണ്ടും എത്തിയതോടെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് 'ദ്വയാര്‍ഥം' അറിഞ്ഞോ അറിയാതെയോ സംഭവിക്കുകയായിരുന്നു. 

'ദേശാടനപക്ഷികള്‍ക്ക് കേരളം ഇഷ്ടഭൂമിയായെന്ന' പരാമര്‍ശത്തെ ബിജെപിക്കെതിരായ ട്രോളായി സമൂഹമാധ്യമങ്ങളും 'വെറും ദേശാടന പക്ഷിയല്ല, മാനസസരസ്സില്‍ നിന്നും മാലാകാരത്തിലേക്ക് പറന്നുയരുന്ന രാജഹംസമാണ്' എന്ന തലക്കെട്ടോടെ മോദിയുടെ ചിത്രം പങ്കുവച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും സമൂഹമാധ്യമങ്ങളില്‍ ചിറകിടിച്ചു. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഈ വിധം ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍ പക്ഷി നിരീക്ഷകര്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ ശാസ്ത്ര ചിന്തയിലേക്കാണ് പങ്കുവെക്കുന്നത്. 

ദേശാടനപക്ഷികളുടെ കേരളത്തിലെക്കുള്ള വരവ് ഇപ്പോള്‍ അപൂര്‍വ്വമല്ലെന്നും സാധാരണമാണെന്നും പക്ഷി നിരീക്ഷകര്‍ അവകാശപ്പെടുന്നു. പ്രധാനമന്ത്രി സംസാരിച്ച തേക്കിന്‍കാട്ടിലെ ശ്രീമൂലസ്ഥാനത്തുള്ള പൂമരത്തില്‍ ഇപ്പോള്‍ വന്‍തോതിലാണ് ദേശാടനപക്ഷികള്‍ തമ്പടിച്ചിരിക്കുന്നത്. 'കൊക്കുരുമി' ഇവ പ്രകടിപ്പിക്കുന്ന ശബ്ദം അസ്വസ്ഥമാണ്. ശബ്ദം കേട്ട് മുകളിലേക്ക് നോക്കിയാലും നോക്കുന്നയാള്‍ വലയും. 

അടക്കാകിളിയോളം വലുപ്പമുള്ളതും നേര്‍ക്കാഴ്ചയില്‍ എളുപ്പത്തില്‍ ശ്രദ്ധപതിയാത്തതുമായ കിളികള്‍ കൂട്ടം കൂട്ടമായാണ് ദേശാന്തരങ്ങള്‍ സഞ്ചരിക്കുക. വര്‍ഷങ്ങളായി ഡിസംബര്‍ അവസാനത്തോടെ തേക്കിന്‍കാട്ടിലും ജില്ലയുടെ കോള്‍ മേഖലകളിലും എത്തുന്ന ഈ പക്ഷിക്കൂട്ടങ്ങള്‍ മാര്‍ച്ച് അവസാനം ഏപ്രില്‍ ആദ്യവാരത്തോടെയായി മടങ്ങും. തളിരിട്ടു തുടങ്ങിയ പൂമരത്തിലെ പൂക്കളില്‍ നിന്നുള്ള തേന്‍ ഭക്ഷിക്കാനാണ് ഇവിടെ കൂടുന്നതെന്നാണ് പറയുന്നത്. ഷഡ്പദങ്ങളും ചെറിയ പ്രാണികളുമടക്കമുള്ളവയും ഇവയുടെ ഭക്ഷണമാണ്. 

എന്നാല്‍, ഇപ്പോള്‍ കേരളത്തിന്‍റെ മദ്ധ്യ-തീരപ്രദേശങ്ങളില്‍ മയിലുകളെ ധാരാളമായി കണ്ടുവരുന്നുതും റോസി പാസ്റ്ററെ പോലുള്ള ചൂടേറിയ സ്ഥലങ്ങളില്‍ ജീവിക്കുന്ന പക്ഷികള്‍ കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുതും ഇവിടുത്തെ കാലാവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നതിന്‍റെ സൂചനയാണെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. ഇവയുടെ വരവ് അപൂര്‍വ്വമല്ലെങ്കിലും കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങുമ്പോള്‍ തന്നെ പക്ഷികളടക്കമുള്ള ജീവിവര്‍ഗ്ഗങ്ങള്‍ക്ക് നേരത്തെ അതിന്‍റെ സൂചനകള്‍ ലഭിക്കുമെന്നും പക്ഷിനിരീക്ഷകര്‍ പറയുന്നു.

click me!