വൈറലായി മിൽമ കിടാവ്, വയനാട്ടിലെ പശുക്കിടാവ് സാമൂഹ്യമാധ്യമങ്ങളില്‍ താരം

By Web TeamFirst Published Feb 17, 2021, 6:11 PM IST
Highlights

രണ്ട് ദിവസം കഴിഞ്ഞാണ് പലരും പുതിയതായി വന്ന കിടാവിന്റെ നെറ്റിയിലെ അടയാളം ശ്രദ്ധിക്കുന്നത്. മില്‍മയുടെ ചിഹ്നത്തിനോട് സാമ്യം തോന്നുന്ന അടയാളമായിരുന്നുവത്...

കല്‍പ്പറ്റ: പുതിയ കാലത്ത് പശുക്കിടാവിന് പോലും വയറലാകാന്‍ സാധിക്കും. അത്തരമൊരു സംഭവമാണ് വയനാട്ടില്‍ കഴിഞ്ഞ ദിവസമുണ്ടായത്. ഇപ്പോള്‍ ഈ അപൂര്‍വ്വ പശുക്കുഞ്ഞിന് പിറകെയാണ് സോഷ്യല്‍മീഡിയ. കഥയിങ്ങനെയാണ്. കഴിഞ്ഞ മാസം 17 നാണ് നടവയല്‍ കായക്കുന്ന് ജോസഫ് തോമസിന്റെ ഡെയറി ഫാമില്‍ ഒരു പശുക്കുട്ടിയുണ്ടാവുന്നത്. നെറ്റിയില്‍ വെളുത്ത പാടുകളോട് കൂടിയ കിടാങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും രണ്ട് ദിവസം കഴിഞ്ഞാണ് പലരും പുതിയതായി വന്ന കിടാവിന്റെ നെറ്റിയിലെ അടയാളം ശ്രദ്ധിക്കുന്നത്. മില്‍മയുടെ ചിഹ്നത്തിനോട് സാമ്യം തോന്നുന്ന അടയാളമായിരുന്നുവത്. 

ഇതോടെ 'മില്‍മ' എന്ന് അവര്‍ കിടാവിന് പേരും നല്‍കി. ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടതോടെ പലരും കിടാവിനെ നേരിട്ട് കാണാന്‍ ജോസഫിന്റെ വീട്ടിലെത്തി. സംഭവം മില്‍മ മലബാര്‍ മേഖല അധികൃതരെ അറിയിച്ചതോടെ കഴിഞ്ഞ ദിവസം മില്‍മ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മില്‍മയുടെ ഫേസ്ബുക് പേജിലും പശുക്കിടാവിന്റെ ചിത്രം പോസ്റ്റ് ചെയ്തു. ഇതോടെ 'മില്‍മ കിടാവ്' സാമൂഹ്യമാധ്യമങ്ങളില്‍ താരമായി. 

നാലുവര്‍ഷമായി വീടിനോട് ചേര്‍ന്നുള്ള 20 സെന്റ് സ്ഥലത്ത് ഫാം നടത്തിവരികയാണ് ജോസഫും ഭാര്യ റീനമോളും. ഡെയറി ഫാമിന് പുറമെ കോഴി, ആട്, പോത്ത് തുടങ്ങിയവയും ഉണ്ട്. അഞ്ച് പശുക്കളാണ് മിക്‌സഡ് ഫാമിലുള്ളത്. മൂന്നുമക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഏതായാലും താരമായി മാറി കിടാവിനെ അതേ പരിവേഷത്തോടെ തന്നെ പരിപാലിക്കാനാണ് വീട്ടുകാരുടെ തീരുമാനം. 

click me!