
കോഴിക്കോട്: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ ഡ്രൈവർ മരിച്ചു. ശ്രീകണ്ഠാപുരം സ്വദേശി ദീപക് ആണ് (31) മരിച്ചത്.
വടകര അഴിയൂർ കോറോത്ത് റോഡ് കണ്ണാടിപളളിക്ക് സമീപമാണ് അപകടം. ചെങ്കൽ ഇറക്കി തിരിച്ച് പോവുകയായിരുന്നു മിനി ലോറി. ദീപക്കിനെ ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
കടയിലെ ജീവനക്കാരനായ ബംഗാൾ സ്വദേശി താജുമാലിക് (38), കടയുടമ അസീസിന്റെ മകൻ സമൂദ് (16) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്ക് കുറഞ്ഞ സമയമായതിനാൽ വൻ അപകടം ഒഴിവായി. കടയ്ക്ക് കാര്യമായ നാശമുണ്ടായി. മുൻഭാഗം തകർന്നു. പരേതനായ തെങ്ങാനക്കുന്നേൽ സാബു ലിസി ദമ്പതികളുടെ മകനാണ് ദീപക്. സഹോദരി: നീതു.
ചരക്കുലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരിച്ചത്. വാഹനത്തിൽ നിന്നും തെറിച്ച് വീണ സഹായി കർണാടക സ്വദേശി പ്രകാശിനെ ഹൈവേ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
മറിഞ്ഞ ലോറിക്കടിയില്‍ കുടുങ്ങിയാണ് ഡ്രൈവര്‍ മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഹായി അപകടനില തരണം ചെയ്തു. തൃശൂര്‍ ഭാഗത്തേക്ക് സവാളയുമായി പോവുകയായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള ലോറി. തിരൂര്‍ പൊലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് വാഹനത്തിനടിയില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത്.
പാപ്പാത്തിചോലയിൽ വാഹനാപകടം: 10 പേര്‍ക്ക് പരിക്ക്
ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലി പാപ്പാത്തിചോലയിൽ വാഹനാപകടം. പാപ്പാത്തിച്ചോലയിലെ ഏലമുടി എവർഗ്രീൻ എസ്റ്റേറ്റിലെ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.