
ബത്തേരി: കുടുംബമൊന്നിന് പത്ത് ലക്ഷം രൂപ അക്കൗണ്ടിലെത്തി രണ്ടര വര്‍ഷം പിന്നിട്ടിട്ടും വനഗ്രാമമായ ചെട്ട്യാലത്തൂരിലെ (chettiyalathur) കുടുംബങ്ങളുടെ പുനരധിവാസം( rehabilitation) വൈകുന്നു. ആദ്യഘട്ടത്തില്‍ പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളില്‍പ്പെട്ട(tribal settlement )23 കുടുംബങ്ങളുടെ സ്വയം സന്നദ്ധ പുനരധിവാസമാണ് നടക്കേണ്ടത്. ചെട്ട്യാലത്തൂരില്‍ 41 പണിയ-കാട്ടുനായ്ക്ക കുടുംബങ്ങളാണുള്ളത്. ഇതില്‍ 23 കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള ഫണ്ട് 2019 ജനുവരിയില്‍ അസിസ്റ്റന്റ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍, ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍, ഗുണഭോക്താവ് എന്നിവരുടെ സംയുക്ത ബാങ്ക് അക്കൗണ്ടുകളിലെത്തിയതാണ്.
വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ചില്‍പ്പെട്ട ചെട്ട്യാലത്തൂരിലെ പട്ടികവര്‍ഗ കുടുംബങ്ങളുടെ പുനരധിവാസമാണ് അധികാരികളുടെ അനാസ്ഥമൂലം അനിശ്ചിതമായി നീളുന്നത്. പദ്ധതിയില്‍ ഓരോ കുടുംബത്തിനും കെവശഭൂമിയുടെ വിസ്തീര്‍ണം കണക്കിലെടുക്കാതെ 10 ലക്ഷം രൂപയാണ് അനുവദിക്കുക. മറ്റു വിഭാഗങ്ങളിലുള്ളവര്‍ കൂടി ചേര്‍ന്നാല്‍ ആകെ 140 യോഗ്യതാ കുടുംബങ്ങളാണ് ചെട്ട്യാലത്തൂരിലുള്ളത്. ഇതില്‍ മുഴുവന്‍ തുകയും ലഭിച്ച മുള്ളുക്കുറുമ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം പൂര്‍ത്തിയായിട്ടുണ്ട്. ഈ കുടുംബങ്ങള്‍ക്കു സ്വന്തം അക്കൗണ്ടിലാണ് പണം ലഭ്യമാക്കിയത്.
ധനം യഥാവിധം വിനിയോഗിക്കാന്‍ ശേഷിയില്ലാത്തവരെന്ന അധികാരികളുടെ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പണിയ, കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്കുള്ള ഫണ്ട് ജോയിന്റ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത്. പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളെ വനത്തിനു പുറത്തു ഭൂമി വാങ്ങി പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്വം പദ്ധതിയുടെ ജില്ലാതല നിര്‍വഹണ സമിതിക്കാണ്. ജില്ലാ കലക്ടറാണ് സമിതി ചെയര്‍മാന്‍. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് സെക്രട്ടറി. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ നിര്‍വഹണ സമിതി വീഴ്ച വരുത്തിയതിനാലാണ് പുനരധിവാസം അനന്തമായി നീളുന്നത്. പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട പല കുടുംബങ്ങളും വനത്തിനു പുറത്ത് അനുയോജ്യമായ ഭൂമി കണ്ടെത്തി അധികൃതരെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് വാങ്ങാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറാകുന്നിന്നെന്നാണ് ആരോപണം. സ്വയം പുനരധിവാസത്തിന് തയ്യാറല്ലാത്തവരടക്കം പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട 19 കുടുംബങ്ങള്‍ പദ്ധതിക്കു പുറത്താണ്. പദ്ധതി ഗുണഭോക്താക്കളല്ലാത്ത ചെട്ടി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളും ഇതിലുള്‍പ്പെടും. ഏകദേശം 50 ഏക്കര്‍ ഭൂമി ഈ കുടുംബങ്ങളുടെ കൈവശമുണ്ട്. മാന്യമായ വിലയും കുഴിക്കൂര്‍ ചമയങ്ങള്‍ക്കു നഷ്ടപരിഹാരവും ലഭിച്ചാലേ പുനരധിവാസത്തിനു സന്നദ്ധമാകൂ എന്ന നിലപാടിലാണ് ചെട്ടി കുടുംബങ്ങള്‍.
അതേ സമയം അഞ്ചും പത്തും എക്കര്‍ പട്ടയഭൂമിയുള്ള കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരമുള്ള തുക കൈപ്പറ്റി കാടിന് പുറത്തേക്ക് താമസം മാറുന്നത് ഭീമമായ നഷ്ടമാണെന്നും ഇവര്‍ പറയുന്നു. സമഗ്ര വന്യജീവി ആവാസവ്യവസ്ഥ വികസന പദ്ധതിയനുസരിച്ചാണ് സ്വയം പുനരധിവാസ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനാവശ്യമായ പണം അനുവദിക്കുന്നത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ്. വയനാട്ടിലെ വന്യജീവി സങ്കേതത്തില്‍ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 14 വനഗ്രാമങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ളത് ചെട്ട്യാലത്തൂരിലാണ്.
രൂക്ഷമായ വന്യമൃഗശല്യമുള്ള ഗ്രാമത്തില്‍ നിന്ന് കുടുംബങ്ങള്‍ക്ക് മാറി താമസിക്കണമെന്നുണ്ടെങ്കിലും ജീവിതമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച് പോകാനും വയ്യാത്ത അവസ്ഥയിലാണ് പലരും. നൂല്‍പ്പുഴ പഞ്ചായത്തില്‍പ്പെട്ട ഗ്രാമത്തില്‍ നിന്ന് കുടുംബങ്ങള്‍ ഒഴിഞ്ഞുപോകുന്നതോടെ 250 ഏക്കര്‍ ഭൂമിയാണ് വനം വകുപ്പിനു ലഭിക്കും. ക. മുഴുവന്‍ കുടുംബങ്ങളും ഗ്രാമം വിട്ടാല്‍ 300 ഏക്കര്‍ കൃഷിഭൂമി വനഭൂമിയായും മാറും. അതിനിടെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്ക് പണം നേരിട്ടു ലഭ്യമാക്കണമെന്ന ആവശ്യവുമായി പട്ടികവര്‍ഗ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam