
തിരുവനന്തപുരം: ദേശീയപാതയിലെ ടോള്‍ പിരിവ് സംവിധാനം പരിഷ്‌കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോള്‍ നിരക്ക് വര്‍ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു. ടോള്‍ പ്ലാസ കോവളത്തിന് തെക്ക് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
ബില്‍ഡ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തില്‍ നിലവില്‍ ടോള്‍ പിരിക്കുന്നത് മാറ്റി ടോള്‍ ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ വ്യവസ്ഥയിലേക്ക് മാറ്റുന്നത് നിരക്ക് ഗണ്യമായി വര്‍ധിക്കാന്‍ ഇടയാക്കും. അശാസ്ത്രീയ ടോള്‍ നിരക്ക് വര്‍ധന അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കോവളത്തേക്ക് യാത്ര ചെയ്യാന്‍ ഓരോ തവണയും വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിന് തന്നെ ഭീഷണിയാകും. ഈ സാഹചര്യമൊഴിവാക്കാനാണ് നിലവിലുള്ള ടോള്‍ പ്ലാസ കോവളത്തിന് തെക്കുഭാഗത്തേക്ക് മാറ്റുന്നത് പരിഗണിക്കാന്‍ അഭ്യര്‍ഥിച്ചത്. തിരുവല്ലത്തെ ടോള്‍ നിരക്ക് ഗണ്യമായി വര്‍ധിക്കുന്നത് തലസ്ഥാനനഗരിയോട് മാത്രമല്ല കേരളത്തോടുള്ള അവഗണനയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചന്ദ്രയാന്‍ ലാന്‍ഡിംഗ് തത്സമയം കാണാന്‍ സംവിധാനം
തിരുവനന്തപുരം: ചന്ദ്രയാന്‍-മൂന്ന് ചന്ദ്രനില്‍ ഇറങ്ങുന്നതിന്റെ തത്സമയം സംപ്രേഷണം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരുക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് 23ന് വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് സംവിധാനം ഒരുക്കുന്നത്. 6.04ന് ലൂണാര്‍ ലാന്‍ഡിംഗിന്റെ ദൃശ്യങ്ങള്‍ വലിയ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് ഡോ. എം.സി. ദത്തന്‍, ഗവേഷകരായ ഡോ. അശ്വിന്‍ ശേഖര്‍, ഡോ. വൈശാഖന്‍ തമ്പി എന്നിവര്‍ ചാന്ദ്രദൗത്യത്തെപ്പറ്റി സംസാരിക്കും. പങ്കെടുക്കുന്നവരുടെ സംശയങ്ങള്‍ക്കും ഇവര്‍ മറുപടി നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ട് വന്ദിച്ച സംഭവം: വിശദീകരണവുമായി രജനികാന്ത്