ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷം പ്രതികരിക്കുക ആയിരുന്നു രജനികാന്ത്. 

ചെന്നൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവെ അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് വന്ദിച്ച സംഭവത്തിൽ വിശദീകരണവുമായി രജനികാന്ത്. സന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും രജനികാന്ത് പറഞ്ഞു. ചെന്നൈയിൽ തിരിച്ചെത്തിയതിന് ശേഷം പ്രതികരിക്കുക ആയിരുന്നു രജനികാന്ത്. 

ഓഗസ്റ്റ് 19ന് ആയിരുന്നു യോഗി ആദിത്യനാഥിനെ രജനികാന്ത് സന്ദര്‍ശിച്ചത്. യോഗിയുടെ ലഖ്നൗവിലെ വീട്ടിൽ വച്ചായിരുന്നു കണ്ടുമുട്ടൽ. രജനികാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്‍റെ ഒരു പ്രത്യേക പ്രദര്‍ശനം ലഖ്നൗവിൽ വച്ച് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആണ് നടന്‍ പ്രദേശത്ത് എത്തിച്ചേര്‍ന്നത്. യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ട് വന്ദിച്ച് രജനി ഉപചാരം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഈ കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ ചില വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് രജനികാന്ത്; കാല്‍ തൊട്ട് വന്ദിച്ച് ഉപചാരം: വീഡിയോ

അതേസമയം, രജനികാന്തിന്‍റെ ജയിലര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ തന്നെ 500 കോടി ക്ലബ്ബിലും ചിത്രം ഇടംനേടി കഴിഞ്ഞു. സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാറിന്‍റേത് ആണ് സംവിധാനം. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായി രജനികാന്ത് തിളങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലും ശിവരാജ് കുമാറും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അനിരുദ്ധ് സംഗീതം നിര്‍വഹിച്ച ചിത്രത്തില്‍ വിനായകന്‍, രമ്യ കൃഷ്ണന്‍, യോഗി ബാബു, വസന്ത് രവി, ജാക്കി ഷ്രോഫ്, തമന്ന തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..