
ആലപ്പുഴ: വായ്പ കിട്ടാതായാൽ ഷാജിതയുടെ (shajitha) വിവാഹം (Wedding) മുടങ്ങുമെന്നായപ്പോൾ തുണച്ചത് മന്ത്രി കെ രാധാകൃഷ്ണന്റെ (K radhakrishnan) അതിവേഗ ഇടപെടൽ.കായംകുളം പത്തിയൂർ കിഴക്ക് കോയിക്കലേത്ത് തെക്കതിൽ ബാബു-ജയമോൾ ദമ്പതികളുടെ മകൾ ഷാജിതയുടെ വിവാഹമാണ് ബാബുവിന്റെ അസുഖം കാരണം വായ്പ ലഭിക്കാതെ മുടങ്ങുന്ന സ്ഥിതിയിലെത്തിയത്.
ചെട്ടികുളങ്ങര കൈതതെക്ക് പല്ലാരിമംഗലത്ത് ശ്യാംരാജുമായി ഷാജിതയുടെ വിവാഹം കഴിഞ്ഞ ജനുവരി 23 ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. മകളുടെ വിവാഹാവശ്യത്തിനായി ബാബു പട്ടികജാതി വികസന കോർപറേഷനിൽ നിന്ന് രണ്ടര ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. വായ്പ അനുവദിച്ച് അറിയിപ്പ് വന്ന ജനുവരി 20 ന് ബാബുവിന് ഉദരസംബന്ധമായ അസുഖം കൂടി കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അപേക്ഷകന്റെ ഒപ്പില്ലാതെ വായ്പ നൽകാനാവില്ലെന്ന് പട്ടികജാതി കോർപറേഷനിൽ നിന്ന് അറിയിച്ചു. ഇതോടെ വീട്ടുകാർ വാർഡ് മെമ്പർ കൂടിയായ പത്തിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനുചെല്ലപ്പനെ സമീപിച്ചു. മനുവിന്റെ നേതൃത്വത്തിൽ പട്ടികജാതി വികസന മന്ത്രി കെ. രാധാകൃഷ്ണനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.
പട്ടികജാതി വികസന കോർപറേഷൻ ചെയർമാനെ മന്ത്രി തന്നെ വിളിച്ച് വീട്ടുകാർക്ക് വായ്പത്തുക അടിയന്തരമായി എത്തിക്കാൻ നിർദേശിച്ചു. ജനുവരി 21ന് ഓഫീസ് അവധിയായിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഫയൽ എടുത്ത് കോട്ടയത്ത് ആശുപത്രിയിൽ എത്തി ബാബുവിന്റെ ഒപ്പ് രേഖപ്പെടുത്തിയ ശേഷം അന്ന് തന്നെ വീട്ടുകാർക്ക് പണം കൈമാറുകയായിരുന്നു. 23ന് ചെറിയ പത്തിയൂർ ക്ഷേത്രത്തിൽ ഷാജിതയും ശ്യാംരാജും വിവാഹിതരായി. 25 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വ്യാഴാഴ്ച ബാബു വീട്ടിലെത്തി. ഏക മകളുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാനായില്ലെങ്കിലും നിശ്ചയിച്ച വിവാഹം മനോഹരമായി നടന്നതിന്റെ സന്തോഷത്തിലാണ് ബാബു.
കിഴക്കമ്പലം കൊലപാതകം; പങ്കില്ലെന്ന് ആവർത്തിച്ച് സിപിഎം പ്രാദേശിക നേതൃത്വം, ഗൂഢാലോചന തള്ളി
കൊച്ചി: ട്വന്റി ട്വന്റി (Twenty20 Kizhakkambalam) പ്രവർത്തകൻ ദീപുവിന്റെ (Deepu) കൊലപാതകത്തിൽ ഗൂഢാലോചന തള്ളി സിപിഎം പ്രാദേശിക നേതൃത്വം. കൊലപാതകത്തിൽ പങ്കില്ലെന്ന് സിപിഎം ആവർത്തിച്ചു. ട്വന്റി ട്വന്റി വാർഡ് അംഗത്തിന്റെ മൊഴിയിലാണ് പൊലീസ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്. ദീപുവുമായി വാക്കുതർക്കം ഉണ്ടായിട്ടുണ്ടെങ്കിലും സംഘർഷം ഉണ്ടായില്ലെന്ന് സിപിഎം കിഴക്കമ്പലം ലോക്കൽ സെക്രട്ടറി വി ജെ വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎയ്ക്കെതിരെ ആസൂത്രിത നീക്കമാണെന്ന് നടക്കുന്നത്. പ്രതികളായ പ്രവർത്തകർക്ക് നിയമസഹായം നൽകുമെന്നും വി ജെ വർഗീസ് കൂട്ടിച്ചേർത്തു.
കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പ്രതികൾക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്നാണ് പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബ് ആരോപിക്കുന്നത്. സിപിഎമ്മിനും, കുന്നത്ത് നാട് എംഎൽഎ പിവി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നത്. ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചുവെന്നും ദീപുവിന് കരൾ രോഗമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രീനിജൻ ശ്രമിക്കുന്നുവെന്നും ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് ആരോപിച്ചു.
'ദീപുവിനെ മർദ്ദിക്കാനാണ് സിപിഎം പ്രവർത്തകരെത്തിയതെന്നും വിളക്കണക്കൽ സമരത്തെ കുറിച്ച് പറയാൻ കോളനിയിലെ വീടുകൾ കയറി നടക്കുമ്പോൾ പതിയിരുന്നാണ് ആക്രമിച്ചതെന്നും സാബു ആരോപിച്ചു. പ്രൊഫഷണൽ രീതിയിലുള്ള ആക്രമണമായിരുന്നു. പുറത്തേക്ക് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയത്. വാർഡ് മെമ്പർ സ്ഥലത്ത് എത്തുമ്പോൾ ദീപുവിനെ മതിലിനോട് ചേർത്ത് നിർത്തി മർദ്ദിക്കുകയായിരുന്നു. ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പ്രതികരിച്ചു.