
പാലക്കാട്: തൃത്താല പട്ടിത്തറയില്‍ കുളത്തിലേക്ക് വീണ പത്തുവയസുകാരനെ രക്ഷപ്പെടുത്തിയ സാബിത്ത് എന്ന യുവാവിനെ നേരില്‍ കണ്ട് അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്. ധീരതയുടെയും ആത്മത്യാഗത്തിന്റെയും പ്രതീകമാണ് സാബിത്തെന്ന് മന്ത്രി പറഞ്ഞു. മുങ്ങിമരണങ്ങളുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ സാബിത്തിന്റെ പ്രവൃത്തിക്ക് അതീവ പ്രാധാന്യമുണ്ട്. കണ്മുന്നില്‍ ഒരു അപകടം കണ്ടാല്‍, രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങാന്‍ സാബിത്ത് ഒരു പ്രചോദനമാകട്ടെയെന്നും മന്ത്രി പറഞ്ഞു.
നാല് ദിവസം അതീവ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിഞ്ഞ പത്തുവയസുകാരന്‍ അഫ്‌നാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം രാവിലെ മദ്രസയിലേക്ക് പോകുമ്പോള്‍ കാല്‍വഴുതി പാമ്പേരി കുളത്തിലേക്കാണ് അഫ്‌നാന്‍ വീണത്. ഇത് കണ്ട സാബിത്ത് കുളത്തിലേക്ക് ചാടി അഫ്‌നാനെ രക്ഷിക്കുകയായിരുന്നു.
എംബി രാജേഷിന്റെ കുറിപ്പ്: ''ധീരതയുടെയും ആത്മത്യാഗത്തിന്റെയും പ്രതീകമായ സാബിത്തിനെ നേരില്‍ കണ്ടു, അഭിനന്ദിച്ചു. തൃത്താല പട്ടിത്തറ പഞ്ചായത്തിലെ കുളത്തില്‍ വീണ പത്തുവയസുകാരന്‍ മുങ്ങിത്താണപ്പോള്‍, സ്വന്തം ജീവന്‍ പോലും പണയം വെച്ച് രക്ഷിച്ച വി കെ സാബിത്താണ് ചിത്രത്തിലുള്ളത്. നാല് ദിവസം അതീവ ഗുരുതരാവസ്ഥയില്‍ ഐ സി യുവില്‍ കഴിഞ്ഞ പത്തുവയസുകാരന്‍ അഫ്‌നാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. രാവിലെ മദ്രസയിലേക്ക് പോകുമ്പോള്‍ കാല്‍വഴുതി പാമ്പേരി കുളത്തില്‍ വീഴുകയായിരുന്നു. അപ്പോഴാണ് രക്ഷകനായി സാബിത്ത് കുളത്തിലേക്ക് ചാടിയത്. പ്രവാസിയായ സാബിത്ത് ലീവിന് നാട്ടിലെത്തിയതായിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ അഫ്‌നാനെയും സന്ദര്‍ശിച്ചു. ദൈനംദിനമെന്ന വണ്ണം മുങ്ങിമരണങ്ങളുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ സാബിത്തിന്റെ പ്രവൃത്തിക്ക് അതീവ പ്രാധാന്യമുണ്ട്. കണ്മുന്നില്‍ ഒരു അപകടം കണ്ടാല്‍, രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങാന്‍ സാബിത്ത് ഒരു പ്രചോദനമാകട്ടെ. മാതൃകാപരവും അഭിനന്ദനാര്‍ഹവുമായ ഈ കൃത്യം നിര്‍വ്വഹിച്ച സാബിത്തിന് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍, അഭിവാദ്യങ്ങള്‍.''
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam