മൃതദേഹത്തിൽ നിന്നും മാല മോഷ്ടിച്ചു: ജീവനക്കാരിയെ സസ്പെൻഡ് ചെയ്യാൻ മന്ത്രിയുടെ നിർദേശം

By Web TeamFirst Published Jun 21, 2019, 8:41 PM IST
Highlights

ഇന്നലെ ആശുപത്രിയില്‍ കൊണ്ടുവന്ന രാധ ഇന്ന് രാവിലെ മരിച്ചിരുന്നു.  മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനായി മൂന്നാം വാര്‍ഡിന്റെ വശത്ത് കിടത്തുമ്പോഴാണ് ഒന്നരപവന്റെ താലി മാല കാണാതെ പോയത് ശ്രദ്ധിക്കുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹത്തിൽ നിന്നും സ്വർണ്ണ മാല മോഷ്ടിച്ച  ജീവനക്കാരിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദേശം നൽകി.

വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ ഇന്നലെ കൊണ്ടുവന്ന തമിഴ്നാട് സ്വദേശി രാധ എന്ന സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ് മാല മോഷണം പോയത്. ഇന്നലെ ആശുപത്രിയില്‍ കൊണ്ടുവന്ന രാധ ഇന്ന് രാവിലെ മരിച്ചിരുന്നു.  മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനായി മൂന്നാം വാര്‍ഡിന്റെ വശത്ത് കിടത്തുമ്പോഴാണ് ഒന്നരപവന്റെ താലി മാല കാണാതെ പോയത് ശ്രദ്ധിക്കുന്നത്. 

ഉടന്‍ തന്നെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് 2 ജീവനക്കാരിയെ അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് മാല കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. ഇതിന് മുന്‍പ് മെഡിക്കല്‍ കോളേജില്‍ നടന്നിട്ടുള്ള സമാന സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് മെഡിക്കല്‍ കോളേജ് വികസന സമിതി ആവശ്യപ്പെട്ടു. ആശുപത്രിയിലെ മോഷണത്തിന് ഒരു ജീവനക്കാരി അറസ്റ്റിലാവുന്നത് ഇത് ആദ്യമായാണ്. 

click me!