
തൃശൂർ: തൃശൂരിലെ റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തൃശൂർ മാന്ദാമംഗലം റോഡ് നിർമാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലം സന്ദർശിക്കവേയാണ് മന്ത്രി ഈ നിർദേശം നൽകിയത്. അഞ്ചു കോടി ചെലവിൽ നിർമാണം പ്രവർത്തനം നടത്തുന്ന തൃശൂർ - മാന്ദാമംഗലം റോഡിൻ്റെ ഡ്രെയിൻ പ്രവൃത്തി പൂർത്തിയായെന്നും ബിറ്റുമിൻ മക്കാഡം സർഫസിംഗ് ജോലികൾ ഇന്നാരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
റോഡ് പ്രവൃത്തികൾ യാതൊരു കാരണവശാലും വൈകിക്കരുതെന്ന് മന്ത്രി ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കർശന നിർദേശം നൽകി. ജില്ലയിലെ എല്ലാ സബ് റോഡുകളും ഗതാഗത യോഗ്യമാക്കണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ മഴ കാരണം ചിലയിടങ്ങളിൽ പ്രവൃത്തി പൂർണമായിരുന്നില്ല. മഴയ്ക്കു ശേഷം നിർമാണ പ്രവൃത്തികൾ എത്രത്തോളം പുരോഗമിച്ചിട്ടുണ്ട് എന്ന് പരിശോധിക്കുന്നതിനാണ് ഇന്ന് മന്ത്രി നേരിട്ടെത്തിയത്. തൃശൂർ ജില്ലയിലെ പ്രധാന റോഡുകളെല്ലാം ഗതാഗത യോഗ്യമാക്കണമെന്ന് മന്ത്രി ബന്ധപ്പെട്ടവരോട് നിർദേശിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനിയർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam