ചാല തെരുവിലെ അതിഥിതൊഴിലാളികളുടെ ലേബർ ക്യാമ്പിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം; അനധികൃതം, അടച്ചുപൂട്ടാൻ ഉത്തരവ്

By Web TeamFirst Published Feb 1, 2023, 8:36 AM IST
Highlights

അനധികൃതമായി പ്രവർത്തിക്കുന്ന ലേബർ ക്യാമ്പ് അടച്ചുപൂട്ടാൻ തിരുവനന്തപുരം നഗരസഭ നിർദേശം നൽകി. കെട്ടിടത്തിൽ അനധികൃത നിർമ്മാണം ഉണ്ടെങ്കിൽ പൊളിച്ചു മാറ്റുന്നതിന് സൂപ്രണ്ടിങ് എൻജിനീയറോട് നിർദ്ദേശിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം ചാല പ്രധാന തെരുവിൽ അതിഥി തൊഴിലാളികൾ തിങ്ങിക്കൂടി താമസിക്കുന്ന ലേബർ ക്യാമ്പിൽ മിന്നൽ സന്ദർശനം നടത്തി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രനും ലേബർ കമ്മീഷണർ കെ വാസുകി ഐഎഎസും അഡീഷണൽ ലേബർ കമ്മീഷണർ (എൻഫോഴ്സ്മെന്റ് )കെഎം സുനിലും ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

മൂന്നു നില കെട്ടിടത്തിന്റെ ഓരോ നിലയും മന്ത്രി അടങ്ങുന്ന സംഘം പരിശോധിച്ചു. അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളികളുമായി ആശയവിനിമയം നടത്തി. സംസ്ഥാനത്തെ ലേബർ ക്യാമ്പുകളിൽ പരിശോധന നടത്താൻ പ്രത്യേക സംഘങ്ങളെ നിയോഗിക്കാൻ മന്ത്രി ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി.

അനധികൃതമായി പ്രവർത്തിക്കുന്ന ലേബർ ക്യാമ്പ് അടച്ചുപൂട്ടാൻ തിരുവനന്തപുരം നഗരസഭ നിർദേശം നൽകി. കെട്ടിടത്തിൽ അനധികൃത നിർമ്മാണം ഉണ്ടെങ്കിൽ പൊളിച്ചു മാറ്റുന്നതിന് സൂപ്രണ്ടിങ് എൻജിനീയറോട് നിർദ്ദേശിച്ചു. കെട്ടിടത്തിൽ ലൈസൻസ് ഇല്ലാത്ത കടകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിർദേശം നൽകി.

അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇന്റർസ്റ്റേറ്റ് മൈഗ്രന്റ് വർക്ക്മാൻ ആക്ട്-  1979 പ്രകാരം കോൺട്രാക്ടർക്ക് ലേബർ കമ്മീഷണറേറ്റ് നോട്ടീസ് നൽകും. അതിഥി തൊഴിലാളികളെ മാറ്റി താമസിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും ലേബർ കമ്മീഷണറേറ്റ് കോൺട്രാക്ടറോട് നിർദ്ദേശിച്ചു.

.ബാലാവകാശ സംരക്ഷണത്തിന് പൊതുജന പിന്തുണ അനിവാര്യം : മന്ത്രി വി ശിവൻകുട്ടി

click me!