'അപ്ന ഘർ' പദ്ധതി കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ

By Web TeamFirst Published Oct 3, 2020, 10:46 PM IST
Highlights

അപ്ന ഘർ പദ്ധതി കേരളത്തിലുടനീളം നടപ്പിലാക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ.

കോഴിക്കോട്: അപ്ന ഘർ പദ്ധതി കേരളത്തിലുടനീളം നടപ്പിലാക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ.  അതിഥി തൊഴിലാളികൾക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ  താമസ സൗകര്യം   ഒരുക്കുകയെന്ന  ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് അപ്ന ഘർ. കിനാലൂരിൽ അപ്ന ഘർ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഹോസ്റ്റലിന്റെ ശിലാസ്ഥാപനകർമ്മം നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 

സർക്കാരിന്റെ  തൊഴിൽ-നൈപുണ്യ വകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷൻ കേരളയാണ് പദ്ധതി നടപ്പാക്കുന്നത്. കെഎസ്ഐഡിസിയുടെ ഒരേക്കർ സ്ഥലം വിലക്കു വാങ്ങിയാണ് ഹോസ്റ്റൽ നിർമ്മിക്കുന്നത്. 500 തൊഴിലാളികളെയാണ് ആദ്യഘട്ടത്തിൽ ഇവിടെ പാർപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സൗകര്യങ്ങൾ  വിപുലീകരിക്കുന്നതിനനുസരിച്ച് കൂടുതൽ പേരെ ഇവിടെ താമസിപ്പിക്കാൻ സാധിക്കും.  

ചുരുങ്ങിയ വാടകയാണ് ഇവരിൽനിന്ന് ഈടാക്കുക.  വിനോദത്തിനും വ്യായാമത്തിനുമുൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കും.  കൊവിഡ് കാലത്ത് അതിഥി തൊഴിലാളികൾക്ക് മികച്ച സംരക്ഷണമാണ് സർക്കാർ നൽകുന്നത്. നാട്ടിലേക്ക് തിരിച്ചു പോകാത്ത നാലു ലക്ഷത്തിലധികം അതിഥി തൊഴിലാളികൾക്ക് വിവിധ ക്യാമ്പുകളിലായി സംരക്ഷണത്തിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  

കേരളത്തിലെ തൊഴിലാളികൾക്കു ലഭ്യമാകുന്ന എല്ലാ നിയമപരമായ അവകാശങ്ങളും അതിഥി തൊഴിലാളികൾക്കും ബാധകമാക്കിയിട്ടുണ്ട്.  സർക്കാർ മുൻകൈയെടുത്ത് അതിഥി തൊഴിലാളികൾക്ക് ആവാസ് എന്നപേരിൽ  ലൈഫ് ഇൻഷൂറൻസ് പദ്ധതിയും ഏർപ്പെടുത്തിയിട്ടുണ്ട്.  പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലാളിക്ക് ഏതെങ്കിലും വിധത്തിലുള്ള അസുഖം പിടിപെട്ടാലോ അപകടം സംഭവിച്ചാലോ  ചികിത്സാധനസഹായമായി 25,000 രൂപ അനുവദിക്കും. 

അപകടത്തിൽപ്പെട്ട് മരണമടഞ്ഞാൽ തൊഴിലാളികളെ ആശ്രയിക്കുന്ന കുടുംബത്തിന് രണ്ട് ലക്ഷം രൂപ ഈ പദ്ധതി വഴി നൽകും. ഇത് കേരളത്തിൽ നടപ്പിലാക്കുകയാണ്. അഞ്ച് ലക്ഷത്തിലധികം തൊഴിലാളികൾ ഇതിനോടകം പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ സഹായിക്കുന്നതിനായി സംസ്ഥാനത്ത് മൂന്ന് ഇടങ്ങളിലായി ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

കിനാലൂർ കെഎസ്ഐഡിസി ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻററിലെ  ഒരേക്കർ ഭൂമിയിൽ അതിഥി തൊഴിലാളികൾക്കായി മൂന്നു നിലകളിലായി 520 ബെഡുകളോടുകൂടിയ ഹോസ്റ്റൽ സമുച്ചയമാണ് ഭവനം ഫൗണ്ടേഷൻ കേരള നിർമ്മിക്കാൻ പദ്ധതിയിടുന്നത്. മൂന്ന് നിലകളിലായി 43,600 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിട നിർമാണം. 

ലോബി ഏരിയ,  വാർഡൻ മുറി,  ഓഫീസ് മുറി, സിക്ക് റൂം,  180 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഡൈനിങ് ഏരിയ, വർക് ഏരിയ,  സ്റ്റോർ റൂം,  ഭക്ഷണം തയ്യാറാക്കുന്ന മുറി, ഡിഷ്‌ വാഷ് ഏരിയ എന്നിവയോടുകൂടിയ അടുക്കള,  48 ടോയ്‌ലറ്റുകൾ, രണ്ട് കോണിപ്പടികൾ, റിക്രിയേഷൻ റൂമുകൾ, സെക്യൂരിറ്റി ക്യാബിൻ,  പാർക്കിംഗ് സൗകര്യങ്ങൾ,  അഗ്നിശമന സംവിധാനം, മഴവെള്ള സംഭരണ സംവിധാനം,  ഖരമാലിന്യനിർമാർജന യൂണിറ്റ്,  സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റ്,  ഡീസൽ ജനറേറ്റർ സംവിധാനം,  24 മണിക്കൂർ സെക്യൂരിറ്റി,  സിസിടിവി സംവിധാനം,  എന്നിവ കെട്ടിടത്തിൽ ഒരുക്കും. 

രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.  ഒന്നാംഘട്ടത്തിൽ ഗ്രൗണ്ട് ഫ്ളോറും മറ്റ് പൊതുവായ സൗകര്യങ്ങളും രണ്ടാംഘട്ടത്തിൽ ശേഷിക്കുന്ന ജോലികളുമാണ് പൂർത്തീകരിക്കുക.  ഒന്നാംഘട്ടത്തിൽ നടപ്പിലാക്കുന്ന ഗ്രൗണ്ട് ഫ്ലോർ 15,760 ചതുരശ്ര അടി വിസ്തീർണമുള്ളതാണ്. കേരളത്തിലുടനീളമുള്ള അതിഥി തൊഴിലാളികൾക്ക് മിതമായ നിരക്കിൽ പാർപ്പിടം ആവശ്യമുള്ള സ്ഥലങ്ങളിൽ അപ്ന ഘർ പദ്ധതി വിപുലീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഭവനം ഫൗണ്ടേഷൻ കേരള.

ചടങ്ങിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഎം കമലാക്ഷി അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അഹമ്മദ്കോയ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് അംഗം പികെ നാസർ, ബിഎഫ്കെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജിഎൽ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

click me!