'മന്ത്രി അപ്പൂപ്പനെ കാണണം'; കാണാനെത്തിയ വിദ്യാർത്ഥികളെ മധുരം നൽകി സ്വീകരിച്ച് മന്ത്രി വി ശിവൻകുട്ടി

By Web TeamFirst Published Feb 6, 2023, 10:22 AM IST
Highlights

സംഘത്തിൽ 44 കുട്ടികളും 14 അധ്യാപകരും ആണുണ്ടായിരുന്നത്. അതിരാവിലെ റോസ് ഹൗസിൽ എത്തിയ സംഘത്തെ മധുരം നൽകിയാണ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്വീകരിച്ചത്. 

തിരുവനന്തപുരം: സ്കൂൾ പഠന യാത്രയുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ മുണ്ടക്കര എ.യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമായും രണ്ട് ആവശ്യങ്ങൾ ആണ് ഉണ്ടായിരുന്നത്. ഒന്ന് നിയമസഭ കാണുക, രണ്ട് വിദ്യാഭ്യാസ മന്ത്രി അപ്പൂപ്പനെ കാണുക. രണ്ടും സാധിച്ചു കൊടുക്കാമെന്ന് അധ്യാപകർ ഏറ്റു.

സംഘത്തിൽ 44 കുട്ടികളും 14 അധ്യാപകരും ആണുണ്ടായിരുന്നത്. അതിരാവിലെ റോസ് ഹൗസിൽ എത്തിയ സംഘത്തെ മധുരം നൽകിയാണ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്വീകരിച്ചത്. കുട്ടികളോട് മന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട്  കോഴിക്കോട് നിന്നും ട്രെയിന്‍ മാഗ്ഗം തിരുവനന്തപുരത്ത്  എത്തിയ സംഘം പത്മനാഭ സ്വാമി ക്ഷേത്രം, പത്മനാഭപുരം പാലസ്, കന്യാകുമാരി വിവേകാനന്ദ പാറ, ത്രിവേണി സംഗമം തുടങ്ങിയവ സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിയത്. നിയമസഭ, മ്യൂസിയം, വേളി തുടങ്ങിയവ സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്.

ലഹരി വസ്തുക്കൾക്കെതിരെയുള്ള സർക്കാരിന്റെ "no to drugs" ക്യാമ്പയിന്റെ ഭാഗമായി എ.യു.പി സ്കൂള്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട "ഉണര്‍ന്നിരിക്കുക, ഉയര്‍ന്നിരിക്കുക" എന്ന  സംഗീത ശില്‍പ്പം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ  സ്പെഷ്യല്‍ വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ക്യാമ്പയിന്‍റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് സ്കൂൾ തയ്യാറാക്കിയ പത്രത്തിന് പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

അധ്യാപക തസ്തിക നിർണയ നടപടികൾ അവസാനഘട്ടത്തിൽ; 1 മുതൽ 12ാം ക്ലാസ് വരെ ആകെ കുട്ടികൾ 46,61,138

click me!