
തിരുവനന്തപുരം: അർബുദം നൽകിയ നൊമ്പരങ്ങൾ നളിനാക്ഷിയമ്മയുടെ കവിതാരചനയെ ഒട്ടും തളർത്തുന്നില്ല. എന്നെങ്കിലും താൻ എഴുതിയ കവിതകൾ ഒരു പുസ്തകം ആക്കണമെന്ന ആഗ്രഹമാണ് ഈ വൃദ്ധയ്ക്ക് ഇനി ഉള്ളത്. ബാലരാമപുരം കോട്ടുകാൽ മന്നോട്ടുകൊണം തിരുത്തുംകര ബംഗ്ലാവിൽ നളിനാക്ഷിയമ്മ എന്ന 80 വയസുകാരിയുടെ ഡയറി താളുകളിൽ കിടക്കുന്ന കവിതകളിൽ ജീവിതത്തിന്റെ ദുഃഖങ്ങളുണ്ട്. മരണത്തിന്റെ ഓർമപ്പെടുത്തലുകളുണ്ട്.
അർബുദത്തെ എഴുത്തിലൂടെ അതിജീവിക്കാൻ കഴിഞ്ഞ ഇവർ രോഗങ്ങൾക്കും പ്രതിസന്ധികൾക്കും മുന്നിൽ തളർന്നുപോകുന്ന പുതുതലമുറയ്ക്ക് മാതൃകയാണ്. ഹിന്ദി അധ്യാപികയായിരുന്ന നാളിനാക്ഷിയമ്മയുടെ ഭർത്താവ് മണികണ്ഠൻ നായർ 1994ൽ മരിച്ചു. ഭർത്താവിൻ്റെ വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഈ അമ്മയ്ക്ക്. ഇതിന് പിന്നാലെ 1998ൽ അൻപത്തി നാലാം വയസ്സിൽ ഗർഭാശയ കാൻസർ സ്ഥിരീകരിച്ചതോടെ നളിനാക്ഷിയമ്മ ആകെ തളർന്നു. ഭർത്താവിൻ്റെ വിയോഗവും ഒപ്പം അപ്രതീക്ഷിതമായി പിടിപെട്ട ക്യാൻസർ രോഗവും ആദ്യം ഒന്ന് തളർത്തിയെങ്കിലും തോറ്റ് പിന്മാറാൻ ഈ അമ്മ തയ്യാറായില്ല.
ഇവയിൽ നിന്നെല്ലാം മോചനം നേടാൻ മനസ്സിൽ ഓടിയെത്തുന്ന ചിന്തകൾ പതിയെ കവിതകൾ ആക്കി തുടങ്ങി. ദൈവം, ജീവിതം, മരണം എല്ലാം ഈ അമ്മയുടെ കവിതകളിൽ ഉണ്ട്. മനസ്സിൽ ഓടിയെത്തുന്ന വരികൾ കിട്ടുന്ന പേപ്പറുകളിൽ കുറിച്ച് വെയ്ക്കും. പിന്നീട് ഇവ ഒരു ഡയറിയിലേക്ക് മാറ്റി എഴുതുകയാണ് ചെയ്യുന്നത്. ഇപ്പൊൾ ചെറുമകനൊപ്പം കുടുംബ വീട്ടിലാണ് ഈ അമ്മയുടെ താമസം.
ഓരോ കവിത എഴുതുമ്പോഴും അത് തനിക്ക് എന്തിനെയും നേരിടാനുള്ള മനോബലം നൽകിയെന്നും ഇതായിരിക്കാം രോഗത്തെ അടക്കമുള്ള ജീവിത പ്രതിബന്ധങ്ങളെ അതിജീവിക്കാൻ കരുത്ത് നൽകിയതെന്നും നളിനാക്ഷിയമ്മ ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. മരിക്കുന്നത് വരെ തൻ്റെ എഴുത്ത് തുടരണമെന്നാണ് തൻ്റെ ആഗ്രഹം. എഴുതിയ കവിതകൾ എല്ലാം ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കണം എന്നുമാണ് ഈ അമ്മയുടെ ആഗ്രഹം. അതിനു ആരെങ്കിലും സഹായം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് നളിനാക്ഷിയമ്മ.
ആദ്യ സംവിധാനം ഗംഭീരമാക്കി വിഷ്ണുവും ബിബിനും; വിജയം ആഘോഷിച്ച് ടീം 'വെടിക്കെട്ട്'
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam