
കൊച്ചി: പൊതുജനാരോഗ്യ രംഗത്ത് മധ്യ കേരളത്തിൻ്റെ മുഖമായി മാറാൻ പോകുന്ന കൊച്ചിൻ കാൻസർ റിസേർച്ച് സെൻ്റർ മേയ് 15-ഓടെ പൂർണ്ണ സജ്ജമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്. കളമശേരി മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണ പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്നും ജൂലൈ 30-ഓടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചിൻ കാൻസർ റിസേർച്ച് സെൻ്റർ (സി.സി.ആർ.സി), എറണാകുളം മെഡിക്കൽ കോളേജ് എന്നിവയുടെ നിർമ്മാണ പുരോഗതി അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇരു കേന്ദ്രങ്ങളും സന്ദർശിച്ച ശേഷം വ്യവസായ മന്ത്രി പി. രാജീവിൻ്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്.
കാൻസർ റിസേർച്ച് സെൻ്ററിൻ്റെ സിവിൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. വൈദ്യുതി കണക്ഷൻ, അഗ്നി രക്ഷാസേനയുടെ എൻ.ഒ.സി തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കുടിവെള്ള കണക്ഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കും. മലിനീകരണ നിയന്ത്രണ ബോർഡിൻ്റേത് ഉൾപ്പെടെയുള്ള ഏതാനും അനുമതികൾ കൂടിയാണ് ഇനി ലഭിക്കാനുള്ളത്. ഇതിനായി യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ വേണമെന്ന് യോഗത്തിൽ ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
ആശുപത്രിയിലേക്ക് വേണ്ട മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കുന്ന ജോലിയും അവസാന ഘട്ടത്തിലാണ്. സ്കാനിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ളവ എത്രയും വേഗം സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. ഓപ്പറേഷൻ തീയേറ്ററുകൾ ഉടൻ പ്രവർത്തന സജ്ജമാക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എറണാകുളം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളും അന്തിമ ഘട്ടത്തിലാണ്. 283 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടക്കുന്നത്. സിവിൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ 98 ശതമാനവും പൂത്തിയായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 30-ഓടെ പൂർണ്ണ സജ്ജമാക്കുന്നതിനായി ഊർജ്ജിത പ്രവർത്തനങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്. നീണ്ടുപോകുന്ന സാഹചരുമുണ്ടായാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഇതു സംബന്ധിച്ച് കൃത്യമായ അവലോകനം നടത്താൻ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് മന്ത്രിമാർ നിർദ്ദേശം നൽകി.
പദ്ധതി പൂർത്തിയാകുന്നതോടെ അത്യാധുനിക സൗകര്യങ്ങളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി മെഡിക്കൽ കോളേജ് മാറും. ആരോഗ്യ മേഖലയിൽ കൊച്ചിയുടെ വൻ കുതിപ്പിനാകും ഇരു പദ്ധതികളും വഴിയൊരുക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam