സ്കൂളിൽ ഭക്ഷണം വിളമ്പുകാരായ മന്ത്രിമാർ; ആദ്യം അത്ഭുതം പിന്നീട് ആവേശമാക്കി കുട്ടികൾ

By Web TeamFirst Published Nov 25, 2021, 5:41 PM IST
Highlights

ഉച്ചഭക്ഷണത്തിന് എത്തിയപ്പോൾ കുട്ടികൾ കണ്ടത് ഭക്ഷണം വിളമ്പാൻ നിൽക്കുന്ന മന്ത്രിമാരെ. ചെങ്ങന്നൂർ  പേരിശ്ശേരി ഗവൺമെന്റ് യു പി എസിലാണ്  മന്ത്രിമാരുടെ സർപ്രൈസ് ഭക്ഷണ വിളമ്പൽ. 

ആലപ്പുഴ: ഉച്ചഭക്ഷണത്തിന് എത്തിയപ്പോൾ കുട്ടികൾ കണ്ടത് ഭക്ഷണം വിളമ്പാൻ നിൽക്കുന്ന മന്ത്രിമാരെ. ചെങ്ങന്നൂർ പേരിശ്ശേരി ഗവൺമെന്റ് യു പി എസിലാണ്  മന്ത്രിമാരുടെ സർപ്രൈസ് ഭക്ഷണ വിളമ്പൽ.  കുട്ടികൾക്ക് ആദ്യം അത്ഭുതമായിരുന്നെങ്കിൽ പിന്നെയത് ആവേശവും ആഹ്ളാദമായി. മന്ത്രിമാരായ വി ശിവൻകുട്ടിയും സജി ചെറിയാനുമാണ് വിളമ്പുകാരായത്. ചെങ്ങന്നൂർ ഗവർമെന്റ് യു പി എസ് പേരിശ്ശേരിയിലെ പൂർത്തിയായ സ്കൂൾ കെട്ടിടത്തിന്റെ പ്രവർത്തന ഉദ്ഘാടനത്തിനായാണ് മന്ത്രിമാരെത്തിയത്. 

പരിപാടിക്കിടെ  മന്ത്രിമാർ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തെത്തി, പിന്നെ ഭക്ഷണം കുട്ടികൾക്ക് വിളമ്പി.സ്‌കൂളുകളിൽ നല്ല ഭക്ഷണം ഉച്ചയ്ക്ക് നൽകാനാകുന്നതിൽ സന്തോഷമുണ്ടെന്ന് പൊതുവിദ്യാഭ്യാസം,  തൊഴിൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി ശിവൻകുട്ടി പറഞ്ഞു.  പി ടി എ, അധ്യാപകർ, നാട്ടുകാർ തുടങ്ങി ഏവരുടെയും പിന്തുണയോടെ മികച്ച രീതിയിൽ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും മന്ത്രി പറഞ്ഞു. 

ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ ഗവൺമെന്റ് എൽപിഎസ്,  പേരിശ്ശേരി ഗവർമെന്റ് യുപി സ്കൂൾ, മാന്നാർ ഗവർമെന്റ് ജെ ബി എസ്, ചെന്നിത്തല ഹരിജനോദ്ധാരണി ഗവർമെന്റ് എൽ പി സ്കൂൾ എന്നിവിടങ്ങളിലെ നാല് കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനവും ചെങ്ങന്നൂർ ഗവർമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ  ഉദ്ഘാടനവും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.ചടങ്ങുകളിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരുന്നു.

click me!