
തൃശൂർ: അപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സജിയും കുടുംബവും ഇനിയും ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല. തങ്ങള്‍ക്ക് ജീവന്‍ തിരികെ കിട്ടിയതിനുപരി നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഇരട്ട കുട്ടികളുടെ ജീവന്‍ തിരിച്ചു കിട്ടിയതില്‍ നന്ദി പറയുകയാണ് സജിയും കുടുംബവും. മേലൂര്‍ പഞ്ചായത്തിലെ മുരിങ്ങൂര്‍ ഐക്കരപറമ്പില്‍ എ ഡി സജിക്കും ഭാര്യ ബേബിക്കും മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ കണ്‍മുമ്പില്‍ നിന്നും മറയുന്നില്ല. വ്യാഴം രാത്രി എട്ടോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്നും സുഹൃത്തിന്റെ ഇന്നോവ കാറില്‍ വീട്ടിലേക്ക് വരുന്ന വഴിയാണ് പുതുക്കാട് വച്ച് അപകടം സംഭവിച്ചത്.
കാറിന്റെ മുന്‍ഭാഗത്തു നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ബഹളം വച്ച് വാഹനം നിര്‍ത്തിച്ചത്. പുക ഉയര്‍ന്നതോടെ ഡോര്‍ ലോക്കായി. പുറത്ത് കടക്കാന്‍ മാര്‍ഗമില്ലാതായി. സജിക്കും ഭാര്യ ബേബിയും കുട്ടികള്‍ക്കും പുറമെ ഭാര്യാമാതാവും സഹായിയായ സ്ത്രീയുമടക്കം ഏഴു പേരാണ് വാഹനത്തില്‍ കുടുങ്ങിയത്. പുറത്ത് കടക്കാന്‍ മാര്‍ഗമില്ലാതായതോടെ ജീവിതം അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചില്ല് തകര്‍ത്ത് അകത്തുള്ളവരെ പുറത്തിറക്കിയത്. തീ ആളിപടര്‍ന്ന് ഇതിനോടകം കാറിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തി നശിച്ചു. എന്നാല്‍ കുട്ടികള്‍ ഉള്‍പ്പെടെ കാറിനകത്തുണ്ടായിരുന്നവര്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു. മറ്റൊരു വാഹനത്തില്‍ പിന്നീട് വീട്ടിലെത്തുകയും ചെയ്തു. വിവാഹത്തിന് ശേഷം 18 വര്‍ഷത്തിന് ശേഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവര്‍ക്ക് കുട്ടികളുണ്ടയത്.
സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴും ഇവരുവരുടേയും ഭീതി ഇനിയും മാറിയിട്ടില്ല. ഇരട്ടകുട്ടികളെ മാറോടണച്ച് മുറിക്കുള്ളില്‍ തന്നെയിരിക്കുകയാണ് ഇരുവരും. ദുരന്തത്തില്‍ സഹായത്തിനെത്തിയവരോട് നന്ദി പറയുകയാണ് ഇവര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam