
കോഴിക്കോട്: നാദാപുരത്ത് നിന്ന് കാണാതായ 16കാരിയെ യുവാവിനൊപ്പം തിരുവനന്തപുരത്ത് കണ്ടെത്തി. കായക്കൊടി സ്വദേശിയായ യുവാവിനൊപ്പമായിരുന്നു പെൺകുട്ടി. മെയ് 31ന് വൈകീട്ടാണ് പെൺകുട്ടിയെ കാണാതായത്. അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ പോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
നാദാപുരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കായക്കൊടി സ്വദേശിക്കൊപ്പമാണ് പെൺകുട്ടി പോയതെന്ന് വ്യക്തമായി. ഇതോടെ ജില്ലയ്ക്ക് പുറത്തേക്ക് അന്വേഷണം നീട്ടി. യുവാവിനെ കാണാനില്ലെന്ന് അറിഞ്ഞ് വിദേശത്തുള്ള മാതാപിതാക്കൾ നാട്ടിലെത്തി. ഇവരുടെ ഉടമസ്ഥതയിൽ കേരളത്തിലും കർണ്ണാടകത്തിലുമുള്ള വിവിധ എസ്റ്റേറ്റുകളിൽ തെരച്ചിൽ നടത്തി.
വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷന് പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇവര്‍ സഞ്ചരിച്ച കെ.എല്‍ 18 എന്‍ 3600 നമ്പര്‍ ഇന്നോവ കാര്‍ അന്വേഷണ സംഘം കണ്ടെടുത്തു. ഇവർ കോഴിക്കോട്ടെ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതായും കണ്ടെത്തി. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിത്ത് നടത്തിയ അന്വേഷണത്തിൽ ഇവർ തെക്കൻ കേരളത്തിലേക്ക പോയതായി മനസിലായി.
യുവാവിന്റെ മൊബൈൽ ഫോൺ സിഗ്നൽ ശനിയാഴ്ച രാത്രി തിരുവനന്തപുരത്താണെന്ന് കണ്ടെത്തിയതോടെ അന്വേഷണം ഊർജ്ജിതമാക്കി. വഞ്ചിയൂരിലെ സ്വകാര്യ മാളിനടത്തുവച്ച് ഉച്ചയോടെ ഇരുവരെയും പൊലീസ് കണ്ടെത്തി.