
ആലപ്പുഴ :കടപ്പുറത്ത് കാണാതായ രണ്ടര വയസുകാരന്‍റെ മൃതദേഹം പുന്നപ്ര കടപ്പുറത്ത് അടിഞ്ഞു. ആലപ്പുഴ കടപ്പുറത്ത് വെച്ച് അമ്മയുടെ കൈയിൽ നിന്നും വഴുതി തിരമാലകളിൽപ്പെട്ട വടക്കാഞ്ചേരി കിഴക്കഞ്ചേരി കൊഴുക്കുള്ളി വീട്ടിൽ ലക്ഷമണൻ - അനിത ദമ്പതികളുടെ മകൻ ആദി കൃഷ്ണയുടെ മൃതദേഹമാണ് പുന്നപ്ര വിയാനി കടപ്പുറത്ത് ഇന്ന് പുലർച്ചെയോടെ അടിഞ്ഞത്.
കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ പ്രദേശവാസികൾ മൃതദേഹം അടിഞ്ഞത് കണ്ട് അടുത്തേയ്ക്ക് ചെല്ലാതെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പുന്നപ്ര സ്റ്റേഷനിലെ എസ്.ഐ അബ്ദുൾ റഹിം, എ.എസ്.ഐ സിദ്ദിഖ് എന്നിവർ ചേർന്ന് തിരമാലകളിൽ അലയടിച്ച് കിടന്ന മൃതദേഹം കരയിലേക്ക് മാറ്റി ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം വണ്ടാനം മെഡിയ്ക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
ഞായറാഴ്ച ഉച്ചയ്ക്ക് 2-45 ന് അനിത മക്കളായ അഭിനവ് കൃഷ്ണ, ആദി കൃഷ്ണ, അനിതയുടെ സഹോദര പുത്രനായ ഹരികൃഷ്ണൻ എന്നിവർ തിരയിൽപ്പെട്ടത്. അനിതയുടെ ബന്ധുവായ ആലപ്പുഴ സ്വദേശി ചാത്തനാട് ഇന്ദിരാ ജംഗ്ഷനിൽ താമസിക്കുന്ന ബിനു 3 പേരെ രക്ഷപ്പെടുത്തിയെങ്കിലും ആദി കൃഷ്ണ കൂറ്റൻ തിരമാലയിൽപ്പെടുകയായിരുന്നു. 3 ദിവസം മുൻപാണ് അനിതയും കുട്ടികളും, തൃശൂർ പൂവൻചിറ പുതിയ പറമ്പിലെ സഹോദരന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം അമ്മയുടെ അനുജത്തി സന്ധ്യയുടെ വീടായ ആലപ്പുഴ ചാത്തനാട് രാജി സദനത്തിൽ എത്തിയത്.
ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം സന്ധ്യയുടെ ഭർത്താവ് ബിനു ഇവരുമായി വാഹനത്തിൽ ആലപ്പുഴ ബീച്ചിൽ എത്തുകയായിരുന്നു. ബിനു വാഹനം പാർക്ക് ചെയ്യാൻ പോയ സമയത്ത് അനിത കുട്ടികളുമായി തീരത്തേക്ക് പോകുകയും, തീരത്ത് നിന്ന് സെൽഫി എടുക്കുന്നതിനിടയിൽ കുറ്റൻ തിരമാലയിൽപ്പെടുകയുമായിരുന്നു. ഇവരുടെ കരച്ചിൽ കേട്ട് എത്തിയ ബിനു ഇവരെ രക്ഷിക്കുന്നതിനിടെ അനിതയുടെ കയ്യിൽ നിന്നും ആദികൃഷ്ണ വഴുതി തിരമാലയിൽപ്പെട്ട് കാണാതാവുകയായിരുന്നു.
കോസ്റ്റ് ഗാർഡ്, പൊലീസ്, ലൈഫ് ഗാർഡ്, എന്നിവർ സംഭവം നടന്ന ഞായറാഴ്ച ഉച്ച മുതൽ തിരച്ചിൽ ആരംഭിച്ചെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. തുടർന്ന് സംഭവം അറിഞ്ഞ് ആലപ്പുഴ സൗത്ത് സിഐ എം കെ രാജേഷും സ്ഥലത്ത് എത്തി തെരച്ചിലിന് നേതൃത്വം നല്‍കിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയോട് കൂടിയാണ് കുട്ടിയുടെ മൃതദേഹം പുന്നപ്ര കടപ്പുറത്ത് അടിഞ്ഞത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam