സിപിഎം പ്രാദേശിക നേതാവിന്റെ തിരോധാനം; പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

By Web TeamFirst Published Oct 30, 2021, 8:34 AM IST
Highlights

കാണാതായി ഒരുമാസം കഴിഞ്ഞിട്ടും പൊലീസിന് സൂചനകള്‍ ഒന്നും കിട്ടിയില്ല. പിന്നാലെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച കോടതി പൊലീസിന് നോട്ടീസ് അയച്ചു.
 

ആലപ്പുഴ: സിപിഎം (CPM) ആലപ്പുഴ തോട്ടപ്പള്ളിയിലെ സിപിഎം പ്രാദേശിക നേതാവിന്റെ (CPM Local leader) തിരോധാനത്തില്‍ പൊലീസിനോട് (Police) ഹൈക്കോടതി (High court) വിശദീകരണം തേടി. സിപിഎം പൂത്തോപ്പ് ബ്രാഞ്ച് അംഗം സജീവന്റെ ഭാര്യ സവിതയുടെ ഹേബിയസ് കോര്‍പ്പസ് (habeas corpus) ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. സജീവനെ കാണാതായിട്ട് ഒരുമാസം പിന്നിട്ടു.

സെപ്റ്റംബര്‍ 29നാണ് മത്സ്യത്തൊഴിലാളിയായ സജീവനെ കാണാതാകുന്നത്. കാണാതായി ഒരുമാസം കഴിഞ്ഞിട്ടും പൊലീസിന് സൂചനകള്‍ ഒന്നും കിട്ടിയില്ല. പിന്നാലെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച കോടതി പൊലീസിന് നോട്ടീസ് അയച്ചു. ഡിജിപിക്കടക്കം അയച്ച നോട്ടീസില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ബ്രാഞ്ച് സമ്മേളനത്തിന്റെ തലേന്ന് സജീവനെ കാണാതായതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയതയെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഔദ്യോഗിക വിഭാഗത്തിനെതിരെ നീങ്ങാതിരിക്കാന്‍ സജീവനെ മാറ്റിയതാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച് സമ്മേളനം ഔദ്യോഗിക പക്ഷം പിടിച്ചു. അന്വേഷണം ഊര്‍ജ്ജിതമാക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ജി സുധാകരന്‍ ജില്ലാ പൊലീസ് മേധാവിയെ കണ്ടിരുന്നു. പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ജി സുധാകരന്റെ ഇടപെടല്‍ ഔദ്യോഗിക പക്ഷത്തിനെതിരായ നീക്കമെന്നാണ് സൂചന.

click me!