കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

By Web TeamFirst Published Jan 2, 2022, 3:58 PM IST
Highlights

എ‌ഞ്ചിൻ തകരാറിനെ തുടര്‍ന്നാണ് വള്ളം കൃത്യമായി കരക്ക് അടുപ്പിക്കാൻ കഴിയാതിരുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു

മലപ്പുറം: പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളേയും രക്ഷപ്പെടുത്തി. പൊന്നാനി അഴീക്കൽ സ്വദേശികളായ ബദറു, ജമാൽ, നാസര്‍ എന്നിവരെയാണ് ബേപ്പൂരിനടുത്തെ കടലിൽ  കണ്ടെത്തിയത്. ബോട്ടിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് വള്ളം കണ്ടെത്തിയത്.

എ‌ഞ്ചിൻ തകരാറിനെ തുടര്‍ന്നാണ് വള്ളം കൃത്യമായി കരക്ക് അടുപ്പിക്കാൻ കഴിയാതിരുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കോസ്റ്റ് ഗാര്‍ഡും തീരദേശ പൊലീസും തിരച്ചില്‍ തുടരുന്നതിനിടെയാണ് ബേപ്പൂരില്‍ മത്സ്യത്തൊഴിലാളികള്‍ വള്ളം കണ്ടെത്തിയത്. 

വെള്ളിയാഴ്ച്ച മീൻ പിടിക്കാൻ പോയ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷവും വള്ളം കരയിൽ തിരിച്ചെത്താതായതോടെ വള്ളത്തിന്റെ ഉടമ ഷഫീഖ് കോസ്റ്റ് ഗാർഡിനെയും മറ്റും വിവരമറിയിച്ചു. പട്രോൾ ബോട്ടുകള്‍ ഇന്നലെ തന്നെ കടലില്‍ തിരച്ചിൽ നടത്തിയെങ്കിലും മത്സ്യതൊഴിലാളികളെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ കോസ്റ്റ്ഗാര്‍ഡും തീരദേശ പൊലീസും വീണ്ടും തിരച്ചില്‍ നടത്തി. ഇതിനിടെയാണ് മത്സ്യത്തൊഴിലാളികൾ ഇവരെ കണ്ടെത്തിയത്. 
 

രക്ഷിക്കാനിറങ്ങി, ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു

നിലമ്പൂർ മൈലാടിയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു. നിലമ്പൂർ അമൽ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. രണ്ട് പേരാണ് ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്താനായി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് നജീബിനെ കണ്ടെത്തിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ രക്ഷിക്കാനായില്ല. 

നജീബിന്‍റെ പിതാവിന്‍റെ സഹോദരനാണ് ഒഴുക്കിൽപ്പെട്ട രണ്ടാമൻ. ഇയാളെ രക്ഷിക്കാനായാണ് നജീബ് പുഴയിലേക്കിറങ്ങിയത്. എന്നാൽ രണ്ട് പേരും ഒഴുകിപ്പോകുകയായിരുന്നു. സമീപത്തെ പാലത്തിന് മുകളിൽ നിന്നയാളാണ് രണ്ട് പേർ ഒഴുകി പോകുന്നത് കണ്ട് നാട്ടുകാരെയും ഫയർഫോഴ്സിനെയും വിവമരറിയിച്ചത്. 

click me!