
തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ അംഗങ്ങളെ ആക്രമിച്ച ഇരുപതുകാരനെയും ഇയാൾ കടത്തിക്കൊണ്ടുപോയ പതിനാറ് വയസുള്ള പെണ്‍കുട്ടിയേയും കണ്ടെത്തി. തൃശൂര്‍ പുതുക്കാട് ജംക്ഷനില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. ഛത്തീസ്ഗഡ് സ്വദേശികളായ ഇരുവരും ഒന്നിച്ച് ജീവിക്കാനായി ഇവിടെ എത്തിയതാണെന്നാണ് പൊലീസിനോട് പറഞ്ഞത്.
സ്കൂളിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം, പ്രിൻസിപ്പലിനും പ്രഥമാധ്യാപികയ്ക്കുമെതിരെ നടപടി
സംഭവം ഇങ്ങനെ
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഛത്തീസ്ഗഡിലെ ഇരുപതുകാരനും പതിനാറുകാരിയുമാണ് കഴിഞ്ഞ ദിവസം തൃശൂരിലേക്ക് ഒളിച്ചോടി എത്തിയത്. റെയില്‍വേ പ്ലാറ്റ്ഫോമിലിരുന്ന ഇരുവരെയും കണ്ടപ്പോൾ സംശയം തോന്നിയ ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ ഇവരെ കൂട്ടിക്കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഒളിച്ചോട്ട വിവരമറിഞ്ഞതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് വിവരമറിയിച്ചു. രണ്ട് ദിവസമായി പെണ്‍കുട്ടിയെ അന്വേഷിച്ചു നടന്ന വീട്ടുകാര്‍ തൃശൂരെത്താമെന്നും അറിയിച്ചു. ഈ സമയം പുറത്തേക്കുപോയ യുവാവ് കുപ്പിമുറിയുമായെത്തി ചൈല്‍ഡ് ലൈന്‍ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. വനിതാ അംഗത്തിന്‍റെ കഴുത്തില്‍ കുപ്പിമുറി വച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോകുകയായിരുന്നു. ശേഷം പൊലീസടക്കം ഇവരെ കണ്ടെത്താനായി വൻ തെരച്ചിലാണ് നടത്തിയത്.
തൃശൂരിൽ സിനിമാ സ്റ്റൈലിൽ പട്ടാപ്പകൽ യുവാവ് പെൺകുട്ടിയെ കടത്തി; ട്രെയിനിൽ ചാടിക്കയറി, പക്ഷേ
ഇന്നലെ രാത്രി നന്ദിക്കര ഭാഗത്ത് ഇവർ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ പൊലീസ് അന്വേഷിച്ചു പോയെങ്കിലും കണ്ടെത്താനായില്ല. ഇന്നുച്ചയോടെയാണ് പുതുക്കാട് ജംക്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് ഇവരെ കണ്ടത്. ഉടനെ, പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു. പരസ്പരം ഇഷ്ടപ്പെട്ട് ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ച് വന്നതാണ് എന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. ചൈല്‍ഡ് ലൈന്‍ അംഗങ്ങളെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ നിലവിൽ റെയില്‍വേ സംരക്ഷണ കേന്ദ്രത്തിലാണ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവിടെക്ക് എത്താമെന്ന് അറിയിച്ചിട്ടുണ്ട്. വീട്ടുകാരെത്തിയാലുടൻ പെൺകുട്ടിയെ കൈമാറും. സംഭവത്തിൽ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലുണ്ടായ സുരക്ഷാ വീഴ്ചയുടെ പേരില്‍ ആര്‍ പി എഫ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു.